Top

'ഡല്‍ഹിയിലൂടെ ലോകം ഇന്ത്യയെ നോക്കിക്കാണുന്നു'; രാജ്യതലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കേന്ദ്രം: എതിര്‍പ്പുമായി ഡല്‍ഹി സര്‍ക്കാര്‍

28 April 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹിയിലൂടെ ലോകം ഇന്ത്യയെ നോക്കിക്കാണുന്നു; രാജ്യതലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കേന്ദ്രം: എതിര്‍പ്പുമായി ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തിനുമേല്‍ നിയന്ത്രണം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡെല്‍ഹി സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും നിയന്ത്രണം വേണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. ' ലോക ശ്രദ്ധ എപ്പോഴും ആകര്‍ഷിക്കുന്നയിടമാണ് ഡല്‍ഹി. ഡല്‍ഹിയിലൂടെയാണ് ലോകം ഇന്ത്യയെ നോക്കിക്കാണുന്നത്' കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയല്‍ പറഞ്ഞു.

കേന്ദ്ര നിയന്ത്രണം രാജ്യതാല്‍പ്പര്യത്തിന് അത്യന്താപേക്ഷികമാണെന്ന് പറയുന്ന ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭരണഘടനാ ബെഞ്ചിന് കൈമാറേണ്ട അനിവാര്യതയില്ലെന്ന് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. അവസാനം നടന്ന രണ്ടു വാദങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

അധികാരവും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് ആദ്യം വാദം കേട്ട ബെഞ്ച് എന്താണ് പറഞ്ഞതെന്ന് ആംആദ്മി സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. ഇതിനു ശേഷമാണ് വാദം ഭരണഘടനാ ബെഞ്ചിനു വിടണ്ടേണ്ടതില്ലെന്ന് കോടതിയെ അറിയിച്ചത്. വിഷയത്തില്‍ 2018 വാദം കേട്ട സുപ്രീം കോടതി, പൊലീസ്, ഭൂമി, പൊതുക്രമം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ അധികാരം കേന്ദ്രത്തിനാണെന്ന് വിധിച്ചിരുന്നു. ഈ വകുപ്പുകളൊഴികെ ബാക്കി എല്ലാ വകുപ്പുകളിലും നിയമം നിര്‍മ്മിക്കാന്‍ ഡല്‍ഹിക്ക് സ്വാതന്ത്ര്യം നല്‍കുന്നെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ വിധിക്കെതിരെ രംഗത്തു വന്നിരുന്നു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്ന് ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ ഭരണം പിടിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആംആദ്മി നിരന്തരം ആരോപണമുന്നയിക്കുന്നുണ്ട്.

STORY HIGHLIGHTS: Central government wants more control over capital: Delhi govt opposes


Next Story