Top

'ഇനിയങ്ങോട്ട് ഒറ്റ പെൻഷൻ'; മറ്റ് പദവികളിലിരുന്ന് മുൻ എംപി പെൻഷൻ വാങ്ങുന്നത് വിലക്കി കേന്ദ്രം

പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാർക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല.

28 May 2022 3:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയങ്ങോട്ട് ഒറ്റ പെൻഷൻ; മറ്റ് പദവികളിലിരുന്ന് മുൻ എംപി പെൻഷൻ വാങ്ങുന്നത് വിലക്കി കേന്ദ്രം
X

ന്യൂഡൽഹി: ഒന്നിലധികം പദവികളിലിരിക്കുന്ന ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. ഇതുപ്രകാരം മറ്റ് പദവികളിലിരുന്ന് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതോടെ മുന്‍ എംപിമാർ മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് എഴുതി നല്‍കണം. നിയമസഭ പെൻഷനും എംപി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും, കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാനാവില്ലെന്നും വിജ്ഞാപനത്തിലുണ്ട്. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാകും. മാത്രമല്ല രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരും പുതിയ നിയമത്തിന്റെ പരിധിയിൽ വരും.

പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാർക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. ഇത് വ്യക്തമാക്കാനായി മറ്റ് പൊതു പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും മുന്‍ എംപിമാർ പെന്‍ഷനുവേണ്ടി അപേക്ഷിക്കുമ്പോൾ സത്യവാങ്മൂലം എഴുതി നല്‍കണം. എംപിമാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെൻറ് സംയുക്ത സമിതിയാണ് ശുപാർശ മുന്നോട്ടുവെച്ചത്.

സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എംപിമാർക്ക് വരെ നിലവിൽ പെൻഷൻ ലഭിക്കുന്നുണ്ട്. ഒരു മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വർഷവും 2,000 രൂപ വീതവുമാണ് പെന്‍ഷന്‍ തുക. എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്ന ഇവർക്കും പുതിയ നിർദ്ദേശം തടയിടും. സർക്കാർ സർവീസിലിരുന്ന ശേഷം എംപിമാരായവർക്കും ഇനി ഒരു പെൻഷനേ അർഹതയുണ്ടാവൂ.

ആം ആദ്‍മി പാർട്ടി സർക്കാർ പഞ്ചാബില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ എംഎല്‍എമാർ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നത് തടയാൻ ഓർഡിനൻസ് ഇറക്കിയിരുന്നു. എഎപി ഇത് രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടുമ്പോഴാണ് കേന്ദ്രവും ഈ വഴിക്ക് നീങ്ങുന്നത്.

Story Highlights: Single pension from now; The Center has banned former MPs from buying pensions from other posts

Next Story