Top

കാറുകളിലെ സീറ്റ് ബെൽറ്റ് അലാം പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ വിൽക്കൽ; ആമസോണിനെ വിലക്കി കേന്ദ്രം

249 രൂപയാണ് ഈ ഉപകരണത്തിന് ആമസോണിൽ വില

8 Sep 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാറുകളിലെ സീറ്റ് ബെൽറ്റ് അലാം പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ വിൽക്കൽ; ആമസോണിനെ വിലക്കി കേന്ദ്രം
X

ന്യൂഡൽഹി: കാറുകളിലെ സീറ്റ് ബെൽറ്റ് അലാം പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ വിൽക്കുന്നതിൽ നിന്ന് ഓൺലൈൻ ഷോപ്പിങ് ആപ്പായ ആമസോണിനെ വിലക്കി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് അയച്ചതായി കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോ​ഗം കാര്യക്ഷമമാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

‌ആമസോണിലൂടെ വിൽക്കുന്ന ക്ലിപ്പുകൾ സീറ്റ് ബെൽറ്റിന്റെ ഭാ​ഗത്ത് ഘടിപ്പിച്ചാൽ ബെൽറ്റി ഇടാതിരുന്നാലും അലാം മുഴങ്ങില്ല. 249 രൂപയാണ് ഈ ഉപകരണത്തിന് ആമസോണിൽ വില. വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ഇത്തരം മെറ്റൽ ക്ലിപ്പുകൾ വിൽക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമല്ല.

കാറിന്റെ പിന്‍സീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കൽ നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം നിതിൻ ​ഗ‍ഡ്കരി പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തപ്പോള്‍ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങള്‍ ഇനി മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ബാധകമാക്കുന്ന വിധത്തില്‍ മാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

എല്ലാ തരത്തിലുള്ള കാറുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് വേണ്ടെന്നാണ് പൊതുവെ എല്ലാവരുടെയും ധാരണ. അത് ശരിയല്ല, പിന്‍സീറ്റുകാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കും. കുറഞ്ഞ പിഴ 1000 രൂപയായിരിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പിഴ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിഞ്ജാപനമായി പുറത്തിറക്കും.

STORY HIGHLIGHTS: Center bans selling seat belt alarm disabling devices

Next Story