Top

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്

15 Feb 2022 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി
X

ബിഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസിൽ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി.സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകളിലും ശിക്ഷിപ്പെട്ടിരുന്ന ലാലുപ്രസാദ് യാദവിനെതിരെയുള്ള അവസാന കേസാണിത്. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ജനുവരി 29 ന് കേസിൽ വാദം കേട്ട് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.

ആദ്യത്തെ നാല് കേസുകളില്‍ തടവ് ശിക്ഷ ലഭിച്ച ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ആദ്യത്തെ കേസിൽ 2013ൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി അഞ്ച് വർഷം ശിക്ഷ ലഭിച്ചു. രണ്ടാമത്തെ കേസിൽ 2017ൽ 3 വർഷം തടവും മൂന്നാമത്തെ കേസിൽ 2018ൽ അഞ്ച് വർഷം തടവും ലാലുവിന് ശിക്ഷ വിധിച്ചിരുന്നു.

ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചതായാണ് അന്ന് കണ്ടുപിടിച്ചത്.

Next Story