Top

ഐആർസിടിസി അഴിമതിക്കേസ്; തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

കേന്ദ്ര അന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥരെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്നാണ് സിബിഐയുടെ ആരോപണം

17 Sep 2022 11:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐആർസിടിസി അഴിമതിക്കേസ്; തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ
X

ന്യൂഡൽഹി: ഐആർസിടിസി അഴിമതിക്കേസിൽ ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ സിബിഐ ഡൽഹി കോടതിയെ സമീപിച്ചു. തേജസ്വിയുടെ ജാമ്യം റദ്ദാക്കാൻ ഡൽഹി കോടതിയിൽ സിബിഐ അപേക്ഷ നൽകി. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥരെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്നാണ് സിബിഐയുടെ ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും സിബിഐ ആരോപിക്കുന്നു.

ഓഗസ്റ്റ് 28-ന് പട്‌നയിൽ നടന്ന വാർത്താസമ്മേളനത്തിൽ തേജസ്വി യാദവ് സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അതുവഴി കേസിനെ സ്വാധീനിച്ചുവെന്നുമാണ് സിബിഐ കോടതിയിൽ വാദിച്ചത്. സിബിഐയുടെ അപേക്ഷയിൽ തേജസ്വിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

2006ൽ ഐആർസിടിസിയുടെ പുരി (ഒഡീഷ) യിലെയും പട്‌ന (ബിഹാർ) യിലെയും രണ്ടു ഹോട്ടലുകളുടെ പ്രവർത്തന കരാർ സ്വകാര്യകമ്പനിക്ക് കൈമാറിയതിൽ ചട്ട-നിയമ ലംഘനങ്ങളുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

2018-ലെ ഐആർസിടിസി തട്ടിപ്പ് കേസിൽ ബിഹാർ മുൻമുഖ്യമന്ത്രിമാരും തേജസ്വിയുടെ മാതാപിതാക്കളുമായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും പ്രതികളാണ്. ഐആർസിടിസിയുടെ മാനേജിങ് ഡയറക്ടറായിരുന്ന പികെ ഗോയൽ, ഡയറക്ടറായിരുന്ന രാകേഷ് സക്‌സേന, ആർജെഡിയുടെ മുൻമന്ത്രി പ്രേംചന്ദ് ഗുപ്ത എന്നിവരും കേസിലെ പ്രതികളാണ്.

STORY HIGHLIGHTS: cbi approach Delhi court seeking cancellation of bail granted to Tejashwi Yadav in IRCTC scam case

Next Story