നോട്ട് നിരോധനത്തിന് ആറ് വർഷം; കറൻസി ഉപയോഗം 71.84 ശതമാനം കൂടുതൽ
6 Nov 2022 9:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പാക്കിയിട്ട് ആറ് വർഷം തികയുന്ന ഈ ഘട്ടത്തിലും ജനങ്ങൾക്കിടയിൽ കറൻസിയുടെ ഉപയോഗത്തിന് കുറവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്ക് പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പൊതുജനങ്ങളുടെ പക്കൽ ഉളളത്. 2016 നവംബർ എട്ടാം തീയതിയാണ് മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, ഡിജിറ്റൽ ഇക്കണോമിയിലേക്ക് മാറുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സർക്കാർ നടപടിയെന്നായിരുന്നു അവകാശ വാദം.
എന്നാൽ ആർബിഐ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിലാണ് 30.88 ലക്ഷം കോടി രൂപ കറൻസിയായി നിലവിൽ ജനങ്ങളുടെ കൈവശം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബർ നാലിലെ കണക്ക് അനുസരിച്ച് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. അന്ന് ഉണ്ടായിരുന്നതിനേക്കാൾ 71.84 അധികം പണമാണ് നിലവിൽ കറൻസിയായി പൊതുജനങ്ങളുടെ പക്കലുളളത്.
പണമിടപാടുകളുടെ ഏറ്റവും പുതിയതും സൗകര്യപ്രദവുമായ ഡിജിറ്റൽ ബദലുകൾ പ്രചാരത്തിലായപ്പോഴും സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ ഉപയോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ഡിജിറ്റൽ ഇടപാടുകൾ നോട്ട് നിരോധനം പ്രോത്സാഹിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശ വാദത്തെയാണ് ആർബിഐയുടെ കണക്കുകൾ ഇല്ലാതാക്കുന്നത്.
STORY HIGHLIGHTS: Cash with public at record high of 30.88 lakh crore, 6 years after demonetisation