അമരീന്ദര്‍ സിംഗ് മഹാരാഷ്ട്ര ഗവര്‍ണറായേക്കും; പട്യാല റാലി റദ്ദാക്കി ബിജെപി
പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ നിലവിലെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചിരുന്നു
24 Jan 2023 2:43 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടുത്ത മഹാരാഷ്ട്ര ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്. പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ നിലവിലെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് അമരീന്ദറെ കൊണ്ടുവരമെന്നുള്ള ചര്‍ച്ചകള്‍ സജീവമായത്.
അമരിന്ദറിന്റെ സ്വന്തം മണ്ഡലമായ പട്യാലയില്‍ ജനുവരി 29ന് നടത്താനിരുന്ന റാലി ബിജെപി റദ്ദാക്കിയത് അദ്ദേഹത്തെ ഗവര്‍ണര്‍ പദവിയിലേക്ക് കൊണ്ടുവരാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സ്ഥാനങ്ങളിലിരിക്കാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ബിജെപിയിലെ പ്രായപരിധി 75 വയസാണ്. എന്നാല്‍ എണ്‍പതുകാരനായ അമരിന്ദര്‍ സിംഗിന് ഗവര്‍ണര്‍ സ്ഥാനം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2021ല്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അമരിന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ബിജെപിയില്‍ ലയിച്ചത്.
STORY HIGHLIGHTS: Captain Amarinder Singh may become Maharashtra governor