Top

ഡോക്ടറുടെ ആത്മഹത്യ വ്യാജ കേസിന് പിന്നാലെ; എസ്പി കേസെടുത്തത് ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍, നടപടി

അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഡോ. സുനീത് ഉപാധ്യായാണ് പരാതിയുമായി രംഗത്തെത്തിയത്.

1 April 2022 11:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടറുടെ ആത്മഹത്യ വ്യാജ കേസിന് പിന്നാലെ; എസ്പി കേസെടുത്തത് ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍, നടപടി
X

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ വനിത ഡോക്ടറുടെ ആത്മഹത്യയില്‍ സ്ഥലം എസ്പി അനില്‍ കുമാറിനെതിരെ നടപടി. ദൗസയിലെ ലാല്‍സോട്ട് ആനന്ദ് ഹോസ്പിറ്റലിലെ ഡോ. അര്‍ച്ചന ശര്‍മ്മയുടെ മരണത്തിലാണ് നടപടി. ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ബിജെപി നേതാവ് ബല്യ ജോഷിക്കും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ), 384, 388 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഡോ. സുനീത് ഉപാധ്യായാണ് പരാതിയുമായി രംഗത്തെത്തിയത്.

നടപടിക്ക് അടിസ്ഥാനമായ സംഭവം ഇങ്ങനെ:

കഴിഞ്ഞ തിങ്കളാഴ്ച്ച 22കാരിയായ ആശാ ബൈര്‍വ എന്ന യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അര്‍ച്ചനയ്ക്കതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആശയുടെ മൃതദേഹവുമായി നാട്ടിലേക്ക് പോയ കുടുംബം അല്‍പ്പസമയത്തിന് ശേഷം മൃതദേഹവുമായി മടങ്ങിയെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ചില പ്രാദേശിക ബിജെപി നേതാക്കളുമായെത്തിയ കുടുംബം വിഷയം വഷളാക്കുകയും ചെയ്തു. പിന്നാലെ എസ്പി അനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം പൊലീസ് അര്‍ച്ചനയുടെയും ഭര്‍ത്താവ് സുനീത്തിന്റെയും പേരില്‍ കേസെടുക്കുകയായിരുന്നു. അര്‍ച്ചനയുടെ ഭാഗം കേള്‍ക്കാതെയാണ് കൊലപാതക കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസെടുത്തത്തിന് പിന്നാലെ അര്‍ച്ചന കുറിപ്പ് എഴുതിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ''ഞാന്‍ എന്റെ ഭര്‍ത്താവിനെയും മക്കളെയും ഒരുപാട് സ്‌നേഹിക്കുന്നു. എന്റെ മരണശേഷം അവരെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ആരെയും കൊന്നിട്ടില്ല. പിപിഎച്ച് എന്ന പ്രസവാനന്തരം ഉണ്ടാകുന്ന രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ആശ മരണപ്പെട്ടത്. അത് പ്രസവശേഷം ഉണ്ടാകുന്ന ഏറെ സങ്കീര്‍ണമായ ഒരു അവസ്ഥയാണ്. ഇതില്‍ ഡോക്ടര്‍മാരെ ഉപദ്രവിക്കുന്നതും അവരെ വേട്ടയാടുന്നതും അവസാനിപ്പിക്കണം. ഒരുപക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിച്ചേക്കാം. ദയവായി നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്.'' അര്‍ച്ചന ആത്മഹത്യാകുറിപ്പില്‍ എഴുതി.

ബുധനാഴ്ച്ച ഡോ. സുനീത് നടന്ന സംഭവങ്ങളെ കുറിച്ച് വ്യക്തമാക്കി ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. മരിച്ച ആശയുടെത് സാധാരണ പ്രസവമായിരുന്നുവെന്നും എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം വന്‍തോതില്‍ പിപിഎച്ച് അനുഭവപ്പെട്ടുവെന്നും സുനീത് വീഡിയോയില്‍ പറഞ്ഞു. ''രണ്ട് മണിക്കൂറോളം ഞങ്ങള്‍ അവളെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. രണ്ട് യൂണിറ്റ് രക്തം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഞങ്ങള്‍ അവളെ രക്ഷിക്കാന്‍ എത്രമാത്രം ശ്രമിച്ചുവെന്ന് അവളുടെ ബന്ധുക്കള്‍ക്കും അറിയാം. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് അയക്കാന്‍ അവര്‍ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. തുടര്‍ന്നാണ് ബല്യ ജോഷി എന്ന ബിജെപി നേതാവ് അവരുടെ വീട്ടിലേക്ക് പോയത്. പിന്നീടാണ് അവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടര്‍ന്ന് അവര്‍ മൃതദേഹം ആശുപത്രിക്ക് പുറത്ത് വയ്ക്കുകയും ഇരുന്നൂറോളം പേരടങ്ങുന്ന ജനക്കൂട്ടവുമായെത്തി പ്രതിഷേധിക്കുകയുമായിരുന്നു.'' ഹര്‍കേഷ് മത്‌ലാന, ജിതേന്ദ്ര ഗോത്‌വാള്‍ എന്നിവരുള്‍പ്പെടെ ചില ബിജെപി നേതാക്കളെ വിളിച്ച് വരുത്തിയായിരുന്നു പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പും തങ്ങള്‍ക്കും ആശുപത്രിക്കുമെതിരെ ബിജെപി നേതാക്കള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് ബല്യ ജോഷിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും സുനീത് വ്യക്തമാക്കി. ''പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ബന്ധുവായ മനോജ് ജോഷി ഞങ്ങളെ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ആ ശബ്ദരേഖ പൊലീസിന് സമര്‍പ്പിച്ചെങ്കിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നില്ല. ജോഷിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദൗസ പൊലീസ് ഭാര്യ അര്‍ച്ചനയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാര്യ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഭയന്നുപോയെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും ദ ഇന്ത്യന്‍ എക്‌സ്‌പ്രെസിനോട് സുനീത് വ്യക്തമാക്കി.

STORY HIGHLIGHTS: Booked for murder in death of patient, doctor dies by suicide

Next Story