Top

'നിയമലംഘനങ്ങള്‍ നടത്താന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകും'; കേന്ദ്രമന്ത്രിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മ്മാണം പൊളിക്കണമെന്ന് കോടതി

കെട്ടിടം പൊളിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു

21 Sep 2022 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമലംഘനങ്ങള്‍ നടത്താന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകും; കേന്ദ്രമന്ത്രിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മ്മാണം പൊളിക്കണമെന്ന് കോടതി
X

മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ബോംബെ ഹൈക്കോടതി. സ്വകാര്യ ബംഗ്ലാവിലെ നിര്‍മ്മാണങ്ങള്‍ രണ്ട് ആഴ്ചക്കകം പൊളിക്കണമെന്നാണ് ഉത്തരവ്. മന്ത്രിക്ക് 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജിമാരായ ആര്‍ ഡി ധനുക, കമാല്‍ ഖാട്ട എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.

മന്ത്രിയുടെ നടപടി, പച്ചയായ നിയമലംഘനങ്ങള്‍ നടത്താന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. വസ്തുവിലെ അനധികൃത നിര്‍മ്മാണങ്ങള്‍ നിയമാനുസൃതമാക്കാന്‍ അനുമതി തേടിയുള്ള മന്ത്രിയുടെ അപേക്ഷ പരിഗണിക്കാന്‍ തയ്യാറാണെന്ന് മുംബൈ കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് കോടതി അനുവദിച്ചില്ല. കെട്ടിടം പൊളിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു.

മഹാരാഷ്ട്ര ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴയായ 10 ലക്ഷം രൂപ അടക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഉത്തരവ് ആറാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.

ജുഹുവിലെ എട്ട് നില ബംഗ്ലാവിലെ നിര്‍മ്മാണങ്ങള്‍ അനധികൃമാണെന്ന് കണ്ടെത്തിയിരുന്നു. തീരദേശ നിയന്ത്രണ നിയമങ്ങളുള്‍പ്പടെ ലംഘിച്ചാണ് നിര്‍മ്മാണങ്ങള്‍ നടന്നിട്ടുള്ളതെന്നും കോടതി വിലയിരുത്തി. അനുമതി ലഭിച്ച തറനിരപ്പിന്റെ മൂന്നിരട്ടി വലുപ്പത്തിലാണ് നിര്‍മ്മാണം നടന്നത്. കോര്‍പ്പറേഷന്‍, അഗ്നിശമന വിഭാഗം, പരിസ്ഥിതി വകുപ്പ് എന്നിവരില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും കെട്ടിടത്തിനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Highlights: Bombay High Court orders to demolish unauthorised construction at Narayan Rane's bungalow

Next Story