Top

'ആന്തരികമായി വിഭജിക്കപ്പെട്ടു, ബാഹ്യമായി ദുര്‍ബ്ബലപ്പെട്ടു'; ബിജെപിയുടെ മതാന്ധത ആഗോള തലത്തില്‍ കളങ്കമുണ്ടാക്കിയെന്ന് രാഹുല്‍ ഗാന്ധി

6 Jun 2022 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്തരികമായി വിഭജിക്കപ്പെട്ടു, ബാഹ്യമായി ദുര്‍ബ്ബലപ്പെട്ടു; ബിജെപിയുടെ മതാന്ധത ആഗോള തലത്തില്‍ കളങ്കമുണ്ടാക്കിയെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ബിജെപിയുടെ നാണം കെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തിന് കളങ്കമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി. പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തികരമായ പരാമര്‍ശനത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുത്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുര്‍ബ്ബലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ചാനല്‍ ചര്‍ച്ചയിലെ ബിജെപി നേതാക്കളുടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിന് പിന്നാലെ അറബ് ലീഗും ഇറാനും പാകിസ്താനും ഖത്തറും ഒമാനും കുവൈറ്റും ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഖത്തറും കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയായിരുന്നു അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ചത്.

ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

STORY HIGHLIGHTS: 'BJP's bigotry damaged India's standing globally': Rahul Gandhi after outrage in Gulf over controversial remarks on Prophet

Next Story