Top

'വെള്ളപ്പൊക്ക ദുരന്തബാധിതരെ ദ്രോഹിക്കാനാണോ അസമിലേക്ക്?'; എംഎല്‍എമാരെ ബംഗാളിലേക്ക് വിടൂയെന്ന് മമത ബാനര്‍ജി

നിങ്ങളുടെ പാർട്ടിയെയും ആർക്കെങ്കിലും തകർക്കാൻ കഴിയുമെന്നും ഒരു ദിവസം നിങ്ങളും പോകേണ്ടിവരുമെന്നും മമത ബിജെപിക്ക് മുന്നറിയിപ്പും നൽകി.

23 Jun 2022 1:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെള്ളപ്പൊക്ക ദുരന്തബാധിതരെ ദ്രോഹിക്കാനാണോ അസമിലേക്ക്?; എംഎല്‍എമാരെ ബംഗാളിലേക്ക് വിടൂയെന്ന് മമത ബാനര്‍ജി
X

കൊൽക്കത്ത: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ 'അധാർമ്മികമായ രീതിയിൽ' താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. മഹാരാഷ്ട്ര എംഎൽഎമാരെ പശ്ചിമ ബംഗാളിലേക്ക് അയച്ചാൽ അവർക്ക് നല്ല സൗകര്യങ്ങൾ നൽകാമെന്നും മമത ബിജെപിയെ പരിഹസിച്ചു. ഉദ്ദവ് താക്കറെക്കും എല്ലാവർക്കും ഒരുപോലെ നീതി വേണമെന്നും അവർ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യം തകരുന്നുവെന്നറിപ്പോർട്ടുകൾക്കിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു മമതയുടെ പ്രതികരണം.

മഹാരാഷ്ട്ര സർക്കാറിനെ അധാർമിക രീതിയിൽ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മഹാരാഷ്ട്ര എംഎൽഎമാരെ ബംഗാളിലേക്ക് അയക്കുക, ഞങ്ങൾ അവർക്ക് നല്ല ആതിഥ്യം നൽകാം എന്നും മമത ബാനർജി പറഞ്ഞു. പണവും, ബലവും, മാഫിയ ശക്തിയും ഉപയോ​ഗിച്ച് ഇന്ന് ബിജെപിയാണ് അധികാരത്തിലുള്ളതെന്നും അവർ പറഞ്ഞു. നിങ്ങളുടെ പാർട്ടിയെയും ആർക്കെങ്കിലും തകർക്കാൻ കഴിയുമെന്നും ഒരു ദിവസം നിങ്ങളും പോകേണ്ടിവരുമെന്നും മമത ബിജെപിക്ക് മുന്നറിയിപ്പും നൽകി. മഹാരാഷ്ട്രയിൽ ബിജെപിയുടെ സമീപനം തെറ്റാണെന്നു പറഞ്ഞ മമത അതിനെ താൻ പിന്തുണക്കില്ലെന്നും വ്യക്തമാക്കി.

അസമിലെ വെള്ളപ്പൊക്കത്തിനിടയിൽ മഹാരാഷ്ട്ര എംഎൽഎമാരെ അവിടേക്ക് അയച്ചത് ദുരിത ബാധിതരെ ബുദ്ധിമുട്ടിക്കാനാണെന്നും മമത കുറ്റപ്പെടുത്തി. ഇതുവരെ 54 ലക്ഷത്തിലധികം പേരെയാണ് അസാമിലെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിരിക്കുന്നത്. ഇന്നുമാത്രം പന്ത്രണ്ട് മരണങ്ങളും സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മെയ് പകുതി മുതൽ അസമിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 101 ആയി.

അതേസമയം വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ പുതിയ നീക്കവുമായി ശിവസേനയും രം​ഗത്തുണ്ട്. ഇതിന്റെ ഭാ​ഗമായി മഹാ അഘാഡി സഖ്യം വിടുന്നത് പരിഗണിക്കാമെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പ്രഖ്യാപിച്ചിരുന്നു. വിമത എംഎല്‍എമാര്‍ അസമില്‍ നിന്ന് 24 മണിക്കൂറിനകം തിരിച്ചുവരണം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറേയുമായി നേരില്‍ കണ്ട് ചര്‍ച്ച ചെയ്ത് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ മഹാവികാസ് അഘാഡി സഖ്യത്തിൽ തുടരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോള്‍ വ്യക്തമാക്കി. ശിവസേന പോകുന്നെങ്കില്‍ പോകട്ടെയെന്നും കോണ്‍ഗ്രസ് ഫ്‌ളോര്‍ ടെസ്റ്റിന് തയ്യാറാണെന്നും പട്ടോൾ പ്രതികരിച്ചു. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ധവ് താക്കേറേയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീലും ട്വിറ്ററിൽ അറിയിച്ചിരുന്നു.

Story Highlights: West Bengal Chief Minister Mamata Banerjee has said that the BJP is trying to bring down the Maha Vikas Aghadi government in Maharashtra in an "Unethical manner".

Next Story