അസം ആദിവാസി കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി, ഒരു സീറ്റ് പോലും നേടാനാവാതെ കോണ്‍ഗ്രസ്, ഇടതുപക്ഷത്തിനും പരാജയം
12 Jun 2022 4:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുവാഹത്തി: അസമിലെ കര്‍ബി ആംഗ്ലോങ് ഓട്ടോണമസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 26 സീറ്റിലും ബിജെപി വിജയിച്ചു.
കൗണ്‍സിലില്‍ ഒരു കാലത്ത് വന്‍ശക്തിയായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. പല സീറ്റുകളിലും സ്വതന്ത്രര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
30 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. ഇതില്‍ നാല് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. ബാക്കി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞെന്ന് മാത്രമല്ല മത്സരമുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ബിജെപി നേതാവും മന്ത്രിയുമായ പിയൂഷ് ഹസാരിക പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയര്പ്പിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് അസാധാരണ കാര്യമല്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു.
ഇടത് അനുഭാവമുള്ള എഎസ്ഡിസിയും കൗണ്‍സില്‍ മുമ്പ് ഭരിച്ചിട്ടുണ്ട്. 1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് 22 സീറ്റുകളില്‍ എഎസ്ഡിസി വിജയിച്ചിരുന്നു. അവര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ മടങ്ങിവരാന്‍ സാധിച്ചില്ല.
Story Highlights: BJP SWEEPS ASSAM TRIBAL COUNCIL ELECTION
- TAGS:
- BJP
- CONGRESS
- Left front
- Assam