Top

ബിജെപി നിലപാടിനെതിരെ വീണ്ടും വാളോങ്ങി വരുണ്‍ ഗാന്ധി; 'ലംഖിപൂർ ആക്രമണത്തെ ഹിന്ദു- സിഖ് പോരാട്ടമാക്കാന്‍ ശ്രമം'

നിസ്സാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ ഐക്യത്തെ വെല്ലുവിളിക്കരുതെന്നും വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു

10 Oct 2021 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി നിലപാടിനെതിരെ വീണ്ടും വാളോങ്ങി വരുണ്‍ ഗാന്ധി; ലംഖിപൂർ ആക്രമണത്തെ ഹിന്ദു- സിഖ് പോരാട്ടമാക്കാന്‍ ശ്രമം
X

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് പുറത്തായതിനുശേഷവും ബിജെപിയുടെ കർഷക വിരുദ്ധ നിലപാടുകളില്‍ എതിർപ്പ് പരസ്യമാക്കി വരുണ്‍ഗാന്ധി. ലഖിംപൂർ സംഭവത്തിന് പിന്നില്‍ ഖലിസ്ഥാനി തീവ്രവാദികളാണെന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വിവാദ പരാമശത്തിന് പരോക്ഷ മറുപടി നല്‍കികൊണ്ടായിരുന്നു ഇത്തവണ വരുണ്‍ ഗാന്ധിയുടെ പ്രതികരണം. മന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള ട്വീറ്റില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി ചിലർ ലഖിംപൂർ ആക്രമണത്തെ വർഗീയ വത്കരിക്കാനുള്ള ശ്രമം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.

'ലഖിംപൂര്‍ ഖേരി സംഭവത്തെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള മനപൂർവ്വമായുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഇത് തീര്‍ത്തും തെറ്റും അധാര്‍മ്മികവുമായ ഒരു പ്രചാരണമാണെന്ന് മാത്രമല്ല, ഒരു തലമുറയുടെ പ്രയത്നം കൊണ്ട് ഉണങ്ങിയ മുറിവുകളെ വീണ്ടും കുത്തി നോവിക്കാനുള്ള അപകടകരമായ നീക്കം കൂടിയാണ്. നിസ്സാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ ഐക്യത്തെ വെല്ലുവിളിക്കരുത്.' - വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

'നീതിക്കുവേണ്ടി പോരാടിയ പാവപ്പെട്ട കര്‍ഷകരെ അഹങ്കാരിയായ പ്രാദേശിക അധികാര വരേണ്യവര്‍ഗം ക്രൂരമായി കൂട്ടക്കൊല ചെയ്തതാണ് ലഖിംപൂരില്‍ നടന്നത്. അതിന് മതപരമായ മാനങ്ങളില്ല'. പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച വരുണ്‍ ഗാന്ധി പറഞ്ഞു.

പ്രതിഷേധിക്കുന്ന കര്‍ഷകരെ വിശേഷിപ്പിക്കാന്‍ ഖലിസ്ഥാനി എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ അതിർത്തികള്‍ സംരക്ഷിക്കുന്നതിനായി രക്തം ചൊരിഞ്ഞ അഭിമാനികളായ പോരാളികളുടെ പിന്‍ തലമുറകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഇത്തരം പ്രകോപനങ്ങള്‍ നമ്മുടെ ദേശീയ ഐക്യത്തിന് ഭീഷണിയുമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരത്തിന് തുടർച്ചയായി പിന്തുണ പരസ്യമാക്കിയ വരുണ്‍ ഗാന്ധിയെ ലഖിംപൂർ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ട്വീറ്റിന് പിന്നാലെയായിരുന്നു ദേശീയ സമിതിയില്‍ നിന്ന് ബിജെപി ഒഴിവാക്കിയത്.

Next Story