'ദയവുചെയ്ത് ആദ്യം ഇവരെ ഒന്നിപ്പിക്കൂ'; രാജസ്ഥാന് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബിജെപി നേതാവ്
ഭാരത് ജോഡോ യാത്ര സൂചിപ്പിച്ചായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം
26 Sep 2022 5:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായി സച്ചിന് പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാടെടുത്തതോടെ രാജസ്ഥാന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിയെ പരിഹസിച്ച് ബിജെപി. 'ദയവുചെയ്ത് ആദ്യം ഇവരെ ഒന്നിപ്പിക്കൂ' എന്നായിരുന്നു രാഹുല്‍ ഗാന്ധി അശോക് ഗെലോട്ടിനും സച്ചില്‍ പൈലറ്റിനും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് കുറിച്ചത്. ഭാരതത്തെ ഒന്നിപ്പിക്കുക എന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര സൂചിപ്പിച്ചായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം.
എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് മത്സരിക്കാന്‍ തീരുമാനിച്ചതോടെയായിരുന്നു രാജസ്ഥാനില്‍ പ്രതിസന്ധി ആരംഭിച്ചത്. ഹൈക്കമാന്‍ഡിന്റെ കൂടി പിന്തുണയുള്ള സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പുമായി ഗെലോട്ട് വിഭാഗം എംഎല്‍എമാര്‍ രംഗത്തെത്തി. കൂട്ടരാജി ഭീഷണിയാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി ബിജെപി രംഗത്തെത്തിയത്.
ഈ മാസം ആദ്യം കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് നേരത്തെയും ബിജെപി രംഗത്തെത്തിയിരുന്നു. ആഭ്യന്തര പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന കോണ്‍ഗ്രസ് ഇത് പരിഹരിക്കാതെ നടത്തുന്ന യാത്ര പ്രഹസനമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
Story Highlights: BJP leader's Bharat Jodo swipe amid Rajasthan crisis