'രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ'; സുപ്രിയ സുലെയ്ക്കെതിരെ ബിജെപി നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശം
27 May 2022 12:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും എംപിയുമായ സുപ്രിയ സുലെയ്ക്കെതിരെ ബിജെപി നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശം. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നടത്തിയ വിവാദ പരാമർശം വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. 'രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ' എന്നായിരുന്നു ചന്ദ്രകാന്തിന്റെ വിവാദ പരാമർശം. ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രിയ സുലെയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീൽ.
'എന്തിനാണ് രാഷ്ട്രീയത്തിൽ ഇടപെടുന്നത്? വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ. ഡൽഹിയിലോ സെമിത്തേരിയിലോ എവിടെ പോയിട്ടായാലും ഞങ്ങൾക്ക് ഒബിസി ക്വാട്ട തരൂ. ലോക്‌സഭാ അംഗമായിട്ടും ഒരു മുഖ്യമന്ത്രിയുടെ അപ്പോയിൻമെന്റ് എങ്ങനെയാണ് എടുക്കുക എന്ന് അറിയില്ലേ'?-ചന്ദ്രകാന്ത് പാട്ടീൽ ചോദിച്ചു.
'നിങ്ങൾ മനുസ്മൃതിയിൽ വിശ്വസിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഇനി നിശബ്ദത പാലിക്കില്ല'- എന്നായിരുന്നു ബിജെപി നേതാവിന്റെ പരാമർശത്തോട് സുപ്രിയ സുലെയുടെ പ്രതികരണം.
മഹാരാഷ്ട്രയിൽ ഒബിസി സംവരണത്തെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് അധിക്ഷേപ പരാമർശം ഉണ്ടായത്. മധ്യപ്രദേശിലെ ബിജെപി സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിയയുടെ വിമർശനം. "മധ്യപ്രദേശ് മുഖ്യമന്ത്രി ഡൽഹിയിൽ വന്ന് ഒരാളെ കണ്ടു. അടുത്ത രണ്ട് ദിവസങ്ങളിൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അവർക്ക് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു," സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.
ചന്ദ്രകാന്തിന്റെ പരാമർശത്തിനെതിരെ സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ രംഗത്തെത്തി. ബിജെപി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളെ അപമാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് എല്ലാ സ്ത്രീകൾക്കും അപമാനമാണ്. കുടുംബിനിയെന്ന നിലയിലും അമ്മയെന്ന നിലയിലും രാഷ്ട്രീയക്കാരിയെന്ന നിലയിലും ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നും കഴിവും പ്രാപ്തിയുമുള്ള കഠിനാധ്വാനികളായ സ്ത്രീകളിൽ ഒരാളാണ് സുപ്രിയ എന്നും അദ്ദേഹം പറഞ്ഞു.
This is the Maharashtra BJP President https://t.co/eu2TYNvsDZ speaking about Supriya….I have always maintained that they (BJP) are misogynistic and demean women whenever they can…
— sadanandsule (@sadanandsule) May 25, 2022
വിമർശനം കടുത്തതോടെ വിശദീകരണവുമായി ചന്ദ്രകാന്ത് പാട്ടീൽ രംഗത്തെത്തി. "സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് ഞാൻ. ഇത്തരം പഴഞ്ചൊല്ലുകൾ പ്രചാരത്തിലുളള ഉള്ള ഗ്രാമപ്രദേശങ്ങളിൽ പോയി ജീവിതം പഠിക്കണം എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. ഞാൻ സുപ്രിയയെ ബഹുമാനിക്കുന്നു, ഞങ്ങൾ പലപ്പോഴും സംസാരിക്കുന്നതുമാണ്," ബിജെപി നേതാവ് പറഞ്ഞു.
STORY HIGHLIGHTS: BJP leader's anti-woman remarks against Supriya Sule