Top

മുംബൈ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പ്; ബിജെപി പിന്മാറി, പത്രിക പിന്‍വലിക്കും

ശിവസേനയിലെ താക്കറെ പക്ഷവും ഷിന്‍ഡെ പക്ഷവും തമ്മിലുള്ള ബലപരീക്ഷണമായി മാറുമായിരുന്ന മത്സരമാണ് ഒഴിവായത്

17 Oct 2022 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുംബൈ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പ്; ബിജെപി പിന്മാറി, പത്രിക പിന്‍വലിക്കും
X

മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി പിന്മാറി. മുര്‍ജി പട്ടേലായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.

ശിവസേനയിലെ താക്കറെ പക്ഷവും ഷിന്‍ഡെ പക്ഷവും തമ്മിലുള്ള ബലപരീക്ഷണമായി മാറുമായിരുന്ന മത്സരമാണ് ഒഴിവായത്. തെരഞ്ഞെടുപ്പില്‍ ജനവികാരം എതിരാണെന്ന വിലയിരുത്തല്‍ കൂടി പരിഗണിച്ചാണ് ബിജെപിയുടെ പിന്മാറ്റം. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു.

അന്ധേരി എംഎല്‍എയായിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെത്തുടര്‍ന്നാണ് ഈസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്. രമേഷ് ലട്‌കെയുടെ ഭാര്യ രുതുജ രമേഷാണ് താക്കറെ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. റുതുജയെ പിന്തുണയ്ക്കണമെന്ന് ഷിന്‍ഡെ പക്ഷത്ത് നിന്ന് എംഎല്‍എ പ്രതാപ് സര്‍നായികും, എംഎന്‍എസ് തലവന്‍ രാജ് താക്കറെയും ആവശ്യപ്പെട്ടിരുന്നു.

രമേഷ് ലട്‌കെയുടെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള മാര്‍ഗമായി എംഎന്‍എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും റുതുജക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നുമായിരുന്നു രാജ് താക്കറെ ആവശ്യപ്പെട്ടത്. അതിനിടെ കോണ്‍ഗ്രസും എന്‍സിപിയും റുതുജ ലത്‌കെയെ പിന്തുണക്കുമെന്ന് അറിയിച്ചു.

Story highlights: BJP backed down from Mumbai Andheri East By-Election

Next Story