Top

'ഭാരതമേ, കാണുക...'; രാഹുല്‍ ഇട്ടിരിക്കുന്നത് 41000ന്റെ ടീഷര്‍ട്ടെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്.

9 Sep 2022 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരതമേ, കാണുക...; രാഹുല്‍ ഇട്ടിരിക്കുന്നത് 41000ന്റെ ടീഷര്‍ട്ടെന്ന് ബിജെപി
X

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ടിന്റെ വില ചൂണ്ടി വിമര്‍ശനവുമായി ബിജെപി. അന്താരാഷ്ട്ര ബ്രാന്‍ഡായ ബര്‍ബറിയുടെ 41,000 രൂപ വില വരുന്ന ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഭാരതമേ, കാണൂ എന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ബിജെപിയുടെ പരിഹാസം. രാഹുല്‍ ടീഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും ബര്‍ബറി വെബ്‌സൈറ്റിലെ ടീ ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്.

ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ.'' കോണ്‍ഗ്രസ് ചോദിച്ചു.


അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. 3570 കിലോമീറ്റര്‍ ദൂരമാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും സഞ്ചരിക്കണ്ടത്. 150 ദിവസത്തിനുള്ളില്‍ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രമേ മറുപടി പറയൂവെന്നും രാഹുല്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

''ഞാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് അതില്‍ വ്യക്തതയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ പ്രസിഡന്റാവണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരും. ദയവായി ആ ദിവസത്തിനായി കാത്തിരിക്കുക''- രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.


Next Story