Top

'മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ്, യുവാക്കള്‍ പശുക്കളെ വളര്‍ത്തട്ടെ'; ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പരാമര്‍ശങ്ങള്‍

14 May 2022 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ്, യുവാക്കള്‍ പശുക്കളെ വളര്‍ത്തട്ടെ; ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പരാമര്‍ശങ്ങള്‍
X

അ​ഗർത്തല: 2018ല്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുളള സിപിഐഎം സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. ത്രിപുരയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് ബിപ്ലബ് കുമാര്‍ ദേബ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിപ്ലബിന്റെ പ്രവര്‍ത്തന മികവില്‍ തുടക്കത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ദേശീയ നേതൃത്വത്തിന്റെയും ജനങ്ങളുടേയും മതിപ്പ് പിടിച്ചുപറ്റാന്‍ ബിപ്ലബിന് സാധിച്ചിരുന്നില്ല. പൊതുവേദികളിൽ തുടരെ തുടരെ നടത്തിയ വിവാദ പരാമർശങ്ങളും ജനപ്രീതി കുറയുന്നതിനും വിമർശനങ്ങൾക്കും വഴിവെച്ചു.

ത്രിപുരയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം. അധികാര തുടര്‍ച്ചക്ക് ബിപ്ലബിന്റെ നേതൃത്വം മതിയാവില്ലെന്ന വിമര്‍ശം ബിജെപിക്ക് അകത്ത് തന്നെ ശക്തമായിരുന്നു.

മഹാഭാരതത്തിന്റെ കാലത്ത് ഇന്റർനെറ്റ് നിലവിലുണ്ടായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയർമാർ സിവിൽ സർവീസിന് പോകരുത് പകരം, സമൂഹം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ഭരണനിർവഹണത്തെക്കുറിച്ചും അറിയാവുന്ന സിവിൽ എഞ്ചിനീയർമാർ സിവിൽ സർവീസ് തെരഞ്ഞെടുക്കണം എന്നിങ്ങനെയുളള ബിപ്ലബ് കുമാറിന്റെ പരാമർശങ്ങൾ ട്രോളുകൾക്ക് കാരണമായിരുന്നു.

'മഹാഭാരതക്കാലത്തും ഇന്റർനെറ്റ്',

''ഇന്റർനെറ്റും, സാറ്റലൈറ്റും മഹാഭാരതക്കാലത്തും ഉണ്ടായിരുന്നുവെന്ന് '' ബിപ്ലബ് കുമാർ ദേബ് പറഞ്ഞിരുന്നു. 2018 ഏപ്രിലിൽ കമ്പ്യൂട്ടർവത്കരണവും അതിന്റെ ഉത്ഭവവും എന്ന പ്രാദേശിക വർക്ക്ഷോപ്പിൽ സംസാരിക്കവെയായിരുന്നു ബിപ്ലബിന്റെ പരാമർശം.

''മഹാഭാരതക്കാലത്ത് ദൃതരാഷ്ട്ര രാജാവിന്റെ സാരഥി സഞ്ജയന് യുദ്ധത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. അതിന്റെ അർത്ഥം അക്കാലത്ത് സാറ്റലൈറ്റും ഇന്റർനെറ്റും ഉണ്ടായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.''

'സൗന്ദര്യ മത്സരങ്ങൾ ഒരു പ്രഹസനമാണ്',

ഇന്റർനെറ്റ് പരാമർശത്തിന് ശേഷം ബിപ്ലബ് കുമാർ ദേബ് സൗന്ദര്യ മത്സരത്തെക്കുറിച്ച് മറ്റൊരു പരാമർശം നടത്തുകയുണ്ടായി. അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങൾ ഒരു പ്രഹസനമാണെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1997 ൽ ഡയാന ഹെയ്ഡനെ 'മിസ് വേൾഡ്' ആയി കിരീടമണിയിച്ചതിനെ ചോദ്യം ചെയ്യുകയുമുണ്ടായി.

ഈ പരാമർശം കടുത്ത വിമർശനങ്ങൾക്ക് കാരണമായതോടെ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് ദേബ് രം​ഗത്തെത്തിയിരുന്നു. മികച്ച വിപണനം സംസ്ഥാന കൈത്തറി മേഖലയെ എങ്ങനെ സഹായിക്കുമെന്നതാണ് തന്റെ പ്രസ്താവനയെന്നും അദ്ദേഹം മാറ്റി പറയുകയുണ്ടായി.

മെക്കാനിക്കൽ എൻജിനീയർമാർ സിവിൽ സർവീസിന് പോകരുത്,

ബിപ്ലബ് കുമാർ ദേബിന്റെ മറ്റൊരു പരാമർശമായിരുന്നു ''മെക്കാനിക്കൽ എൻജിനീയർമാർ സിവിൽ സർവീസിന് പോകരുത് എന്നത്. മെക്കാനിക്കൽ എഞ്ചിനീയർമാർ സിവിൽ സർവീസിന് പോകരുത്. പകരം, സമൂഹം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ഭരണനിർവഹണത്തെക്കുറിച്ചും അറിയാവുന്ന സിവിൽ എഞ്ചിനീയർമാർ സിവിൽ സർവീസ് തെരഞ്ഞെടുക്കണം'' എന്നായിരുന്നു ബിപ്ലബിന്റെ പരാമർശം.

2019 ഏപ്രിലിൽ സർക്കാർ ജോലികൾക്കായി രാഷ്ട്രീയ പാർട്ടികളുടെ പുറകെ ഓടുന്നതിന് പകരം ഒരു 'പാൻ ഷോപ്പ്' തുറക്കാനോ പശുക്കളെ വളർത്താനോ അദ്ദേഹം യുവാക്കളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ മുദ്രാ സ്കീമിന് കീഴിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് സ്വയംപര്യാപ്തരാകാൻ വിദ്യാസമ്പന്നരായ യുവാക്കളെ ദേബ് ഉപദേശിക്കുകയണെന്ന് വ്യാഖാനങ്ങള്‍ പിന്നാലെ വന്നിരുന്നു.

രവീന്ദ്രനാഥ് ടാ​ഗോർ നോബേൽ പുരസ്കാരം തിരികെ നൽകി,

''ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാ​ഗോർ നോബേൽ പുരസ്കാരം തിരികെ നൽകിയെന്ന് ബിപ്ലബ് കുമാർ ദേബ് പറയുകയുണ്ടായി. 2018ൽ ഉദയ്പൂരിൽ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമർശം. 1919ലെ ജാലിയൻ വാലാബാ​ഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചാണ് ടാ​ഗോർ പുരസ്കാരം തിരികെ നൽകിയതെന്നും'' ബിപ്ലബ് പറഞ്ഞിരുന്നു.

മു​ഗൾ ഭരണം ത്രിപുരയുടെ സംസ്കാരത്തിന് മേൽ ബോംബ് വർഷിച്ചു,

''ത്രിപുരയുടെ സംസ്കാരത്തെ മുഗളൻമാർ തകർക്കാൻ ശ്രമിച്ചുവെന്നതാണ് ബിപ്ലബിന്റെ മറ്റൊരു പരാമർശം. സംസ്ഥാനത്തിന്റെ കലകളെയും വാസ്തുവിദ്യകളെയും ബോംബെറിഞ്ഞ് ത്രിപുരയുടെ സംസ്കാരത്തെ നശിപ്പിക്കാൻ മുഗളന്മാർ ഉദ്ദേശിച്ചിരുന്നു.'' ഈ പരാർശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഗർത്തലയിലെ ധലേശ്വറിൽ തരുൺ സംഘ സംഘടിപ്പിച്ച ശരദ് സന്മാൻ 2019-നെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രസ്താവന.

പഞ്ചാബികൾക്കും ജാട്ടുകൾക്കും പരിമിതമായ തലച്ചോർ,

പഞ്ചാബികളും ജാട്ടുകളും ബുദ്ധി കുറഞ്ഞവരാണെന്ന് ദേബ് പരാമർശമാണ് ഏറ്റവും പുതിയ വിവാദം. 2020 ജൂലൈയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവേ, ദേബ് പറഞ്ഞു, "ഞങ്ങൾ പഞ്ചാബിനെക്കുറിച്ച് സംസാരിക്കുമ്പോൾ, സർദാർമാർക്ക് ആരെയും പേടിയില്ല. അവർക്ക് ബുദ്ധി കുറവായിരിക്കാം, പക്ഷേ അവർ വളരെ ശക്തരാണ്. ഹരിയാനയിലെ ജാട്ടുകളെ ശക്തിയുടെ കാര്യത്തിൽ പൊരുത്തപ്പെടുത്താൻ കഴിയില്ല, പക്ഷേ അവർക്ക് പരിമിതമായ തലച്ചോറാണ് ഉളളതെന്നും ബിപ്ലബ് പറഞ്ഞിരുന്നു.''

STORY HIGHLIGHTS: Biplab Kumar Deb Says Many Times Controversy

Next Story

Popular Stories