Top

ആര്‍സിപി സിങ് ഷിന്‍ഡേയാകുന്നതിനും മുന്നേ; ബിഹാറില്‍ നിതീഷ് ഒരു മുഴം മുന്നേ പൊളിച്ചത് ബിജെപിയുടെ ട്രോജന്‍ തന്ത്രം

''ഇപ്പോഴത്തെ കൂറുമാറ്റത്തെ അധികാര മോഹത്തോട് ചേര്‍ത്തുവെക്കുന്നതിനപ്പുറം, സഖ്യകക്ഷിയായ ബിജെപിയുടെ കുതന്ത്രം മനസ്സിലാക്കി പാളയം വിട്ടുവെന്ന് വേണം കരുതാന്‍..''

9 Aug 2022 2:09 PM GMT
അനുശ്രീ പി.കെ

ആര്‍സിപി സിങ് ഷിന്‍ഡേയാകുന്നതിനും മുന്നേ; ബിഹാറില്‍ നിതീഷ് ഒരു മുഴം മുന്നേ പൊളിച്ചത് ബിജെപിയുടെ ട്രോജന്‍ തന്ത്രം
X

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വലിയ രാഷ്ട്രീയ നാടകങ്ങളൊന്നും അരങ്ങേറാതെ ബിഹാറില്‍ എന്‍ഡിഎ സഖ്യം നിലം പൊത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് രാജി പ്രഖ്യാപിച്ചതോടെ പഴയതൊക്കെ മറന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും അടങ്ങുന്ന പ്രതിപക്ഷ മഹാസഖ്യം നിതീഷിനെ സ്വീകരിച്ചിരുത്തി. രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലാത്ത നിതീഷ് നേരത്തേയും കൂറുമാറ്റം നടത്തിയിട്ടുണ്ട്. ഒടുവില്‍ 2017 ലും ബിഹാര്‍ അതിന് സാക്ഷ്യം വഹിച്ചതാണ്. എന്നാല്‍ ഇപ്പോഴത്തെ കൂറുമാറ്റത്തെ അധികാര മോഹത്തോട് ചേര്‍ത്തുവെക്കുന്നതിനപ്പുറം, സഖ്യകക്ഷിയായ ബിജെപിയുടെ കുതന്ത്രം മനസ്സിലാക്കി പാളയം വിട്ടുവെന്ന് വേണം കരുതാന്‍. എളുപ്പം പറഞ്ഞാല്‍ ബിജെപിയെ ഒഴിവാക്കി, ബിഹാറില്‍ തല്‍ക്ഷണം അധികാരം നിലനിര്‍ത്താമെന്ന് പ്രതീക്ഷിക്കുന്ന നീക്കം.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന തുടങ്ങി ഹിന്ദി ഹൃദയ ഭൂമികളില്ലൊം തന്നെ ബിജെപി അധികാരം പിടിച്ചത് കൃത്യമായ കടന്നുകയറ്റത്തിലൂടെയാണ്. പ്രാതിനിധ്യം ഉറപ്പാക്കാനോ അധികാരം ലക്ഷ്യമിട്ടോ ആദ്യഘട്ടത്തില്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് പോകുന്ന ബിജെപി പതിയെ അതേ നേതാക്കളേയും പാര്‍ട്ടിയേയും തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്ന് അധികാരം ഉറപ്പിക്കുന്ന തന്ത്രമാണ് നടന്നതെന്ന് പരിശോധിച്ചാല്‍ മനസിലാക്കാം.

ഇപ്പറഞ്ഞതിന് ഏറ്റവും ഒടുവിലത്തെ ഉദാഹാരണമാണ് മഹാരാഷ്ട്രയില്‍ മഹാവിഘാസ് ആഘാഡി സര്‍ക്കാരിന്റെ തകര്‍ച്ച. എന്‍ഡിഎക്കൊപ്പമായിരുന്ന ശിവസേന സഖ്യം വിട്ടതോടെ അതേ ശിവസേനയെ പിളര്‍ത്തി അധികാരം പിടിച്ചെടുത്ത ബിജെപിയുടെ മഹാരാഷ്ട്രീയം. തുടക്കം മുതല്‍ സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാനുള്ള മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നീക്കങ്ങളെ കൃത്യമായി പൊളിക്കുന്ന ശരത് പവാറിനെയാണ് നമ്മള്‍ കണ്ടത്. എന്നാല്‍ ബിജെപിയുടെ വിലപേശല്‍ രാഷ്ട്രീയത്തെ തടയാന്‍ എംവിഎയ്ക്ക് കഴിഞ്ഞില്ല. പിന്നീട് വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ഇവിടെ കഴിയുന്നതല്ല ബിജെപിയുടെ പ്ലാന്‍. ഇപ്പോള്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ദേവേന്ദ്ര ഫഡ്നാവിനിസിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള ദൂരം കുറച്ചെന്ന് മാത്രം.


സമാനമായ അന്തരീക്ഷം ബിഹാറില്‍ രൂപപ്പെടുന്നുവെന്ന് മനസ്സിലാക്കിയ നിതീഷിന്റെ പ്രതിരോധമാണ് ഇന്ന് കണ്ടത്. 243 അംഗ നിയമസഭയില്‍ ബിജെപിക്ക് 77 സീറ്റും ജെഡിയുവിന് 55 സീറ്റുമാണുള്ളത്. ഭരണ സഖ്യത്തിലെ ജൂനിയര്‍ പങ്കാളിയായിട്ടും നിതീഷ് കുമാറിനെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നിതീഷിന്റേയും ജെഡിയുവിന്റെയും സ്വന്തം ജനപ്രീതിയുടെയും ചെലവില്‍ ബിജെപിയുടെ അടിത്തറ വികസിപ്പിക്കുന്നതാണ് നമ്മള്‍ കണ്ടത്. അധികാരം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ഈ നീക്കം ഒരിക്കല്‍ പോലും കോണ്‍ഗ്രസോ, ആര്‍ജെഡിയോ സ്വീകരിച്ചിട്ടില്ലായെന്നതാണ് നിതീഷിന്റെ ആശ്വാസവും.

വിശ്വസ്തനായ ആര്‍സിപി സിംഗിന്റെ അപ്രഖ്യാപിത കൂറുമാറ്റവും നിതീഷിന്റെ മുന്നിലുണ്ട്. ബ്യൂറോക്രസിയുടെ ഭാഗമായിരുന്ന ആര്‍സിപി സിംഗിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കിയതും രണ്ട് തവണ രാജ്യസഭാംഗമാക്കിയതും നിതീഷാണ്. എന്നാല്‍ ഡല്‍ഹിയിലെത്തിയതോടെ അമിത് ഷായുടെ തണലിലേക്ക് ചെരിഞ്ഞ സിംഗ് ബിജെപിയോട് കൂടുതല്‍ അടുക്കുകയാണുണ്ടായത്. 2021 ലെ മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ നിതീഷ് കുമാറിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ആര്‍പിസി സിംഗിനെ ബിജെപി മന്ത്രിയാക്കി. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചപ്പോള്‍ ഒരു തവണ കൂടി മന്ത്രിസ്ഥാനം നല്‍കാന്‍ നിതീഷ് അനുവദിച്ചില്ല. ആര്‍പിസി സിംഗിനെ ഉപയോഗിച്ച് ബിജെപി ജെഡിയുവിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം.

പലപ്പോഴായി നിതീഷ് എന്‍ഡിഎയില്‍ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു അധികാരത്തിലേല്‍ക്കുന്ന ചടങ്ങിലോ മുന്‍ രാഷ്ട്രപതി റാം നാ്ഥ് കോവിന്ദിന്റെ വിടവാങ്ങല്‍ ചടങ്ങിലോ നിതീഷ് പങ്കെടുത്തിരുന്നില്ല. ഏറ്റവും അവസാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിന്നും നിതീഷ് വിട്ടു നിന്നു. നിരന്തരം കൊവിഡാനന്തര ബുദ്ധിമുട്ടുകളാണെന്നായിരുന്നു നിതീഷ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ ദിവസങ്ങളില്‍ മറ്റു യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ നിന്നും നിതീഷ് വിട്ടു നിന്നും. എന്നാല്‍ ഇതൊക്കെയും നിതീഷിന്റെ രാജിയില്‍ അവസാനിക്കുമെന്ന് ബിജെപിയുടെ ആലോചനയില്‍ ഉണ്ടായിരുന്നില്ല.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ തന്നെ ബിജെപി ഉയര്‍ത്തികാട്ടുമ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിരവധി പേരുകള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, ശരത് പവാറിലേക്ക് വരെ വിരല്‍ ചൂണ്ടുമ്പോള്‍ അതേ മോഹമുള്ള ഒരാള്‍ക്കൂടി പ്രതിപക്ഷത്തേക്ക് എത്തുന്നുവെന്ന് വേണം പറയാന്‍. ഒരു ഘട്ടത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി നിതീഷിന്റെ പേര് ഉയര്‍ത്തിയപ്പോള്‍ അത് തന്ത്രപൂര്‍വ്വം നിരസിച്ചതും ഇതിനോട് ചേര്‍ത്തുവായിക്കാം.


Next Story