Top

പിടിച്ചെടുക്കുന്ന മദ്യക്കുപ്പികള്‍ വളകളാകും; സ്ത്രീകളുടെ വോട്ടുപിടിക്കാന്‍ നിതീഷ് കുമാറിന്റെ നമ്പര്‍

മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ് തീരുമാനം

8 Sep 2022 2:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിടിച്ചെടുക്കുന്ന മദ്യക്കുപ്പികള്‍ വളകളാകും; സ്ത്രീകളുടെ വോട്ടുപിടിക്കാന്‍ നിതീഷ് കുമാറിന്റെ നമ്പര്‍
X

പാറ്റ്‌ന: മദ്യക്കുപ്പികള്‍ വളകളാക്കിമാറ്റാനൊരുങ്ങി ബിഹാര്‍. ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ് തീരുമാനം. ഇത് സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമമായും വ്യാഖ്യാനിക്ക്‌പ്പെടുന്നുണ്ട്.

ജീവിക എന്ന ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ ഇതിനകം തന്നെ സംസ്ഥാനം ഇത്തരമൊരു സംരംഭം നടത്തി വരികയാണെന്ന് ബീഹാര്‍ എക്‌സൈസ് കമ്മീഷണര്‍ ബി.കാര്‍ത്തികേ ധന്‍ജി പറഞ്ഞു.

റെയ്ഡിനിടെ പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ നേരത്തെ ചതച്ച് കളയുകയാണ് ചെയ്തിരുന്നത്. ഇത് പിന്നീട് മാലിന്യമായി മാറാന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനമായത്. മദ്യം നിരോധിച്ചുകൊണ്ടുള്ള ഈ സംരംഭത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 2016ലെ മദ്യനിരോധനം ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചുവെന്ന് പറയുന്ന വ്യവസായികള്‍, ഈ നീക്കം സാമ്പത്തികമായി ലാഭകരമാണോ എന്ന ചോദ്യമുയര്‍ത്തിയിട്ടുണ്ട്.

'കേള്‍ക്കുമ്പോള്‍ നൂതന പദ്ധതിയെന്ന് തോന്നും പക്ഷെ, കാണാതെ പോകുന്ന പല ഘടകങ്ങളുണ്ട്. ഫൈസാബാദ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വലിയ ഗ്ലാസ് വള ഫാക്ടറികളുണ്ട്. വളകളിലെ 75 ശതമാനവും ഗ്ലാസ് ആണ്. പക്ഷെ, സോഡ, ചുണ്ണാമ്പുകല്ല് പോലുള്ള മറ്റ് അസംസ്‌കൃത വസ്തുക്കള്‍ കൂടി വേണം. ഫാക്ടറികള്‍ക്ക് സര്‍ക്കാര്‍ ഇതൊക്കെ നല്‍കുമോ,?' ബിഹാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സത്യജിത് സിങ് ചോദിച്ചു.

'നിരോധിത മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുന്നതുകൊണ്ട് മാത്രം ഫാക്ടറി നടത്താനാകുമോ? അത് സാമ്പത്തികമായി എങ്ങനെ ലാഭകരമാകും? ജീവിക തൊഴിലാളികള്‍ക്ക് വിലയിലും ഗുണത്തിലും വ്യവസ്ഥാപിത വള ഫാക്ടറികളോട് പിടിച്ചുനില്‍ക്കാനാകുമോ?,' വ്യവസായി ചോദിച്ചു.

അധികാരമേറ്റ് ആറ് മാസത്തിന് ശേഷം 2016 ഏപ്രില്‍ അഞ്ചിനാണ് നിതീഷ് കുമാര്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചത്. നിരോധനമുണ്ടെങ്കിലും വലിയ അളവില്‍ മദ്യം ബിഹാറില്‍ പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഓഗസ്റ്റില്‍ മാത്രം 3.7 ലക്ഷം ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. ഒരു ലക്ഷത്തോളം റെയ്ഡുകളാണ് ഓഗസ്റ്റ് മാസത്തില്‍ നടത്തിയതെന്ന് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

STORY HIGHLIGHTS: Bihar Government is about to convert liquor bottles into bangles

Next Story