Top

'വാണിജ്യ വ്യവസായ ലോകത്തിന് തീരാനഷ്ടം'; സൈറസ് മിസ്ത്രിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാല്‍ഘര്‍ ചാരോട്ടിയില്‍ വച്ചായിരുന്നു സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്

4 Sep 2022 2:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാണിജ്യ വ്യവസായ ലോകത്തിന് തീരാനഷ്ടം; സൈറസ് മിസ്ത്രിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈറസ് മിസ്ത്രിയുടെ അകാലമരണം ഞെട്ടിപ്പിക്കുന്നതാണ്. മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് തീരാനഷ്ടമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'സൈറസ് മിസ്ത്രിയുടെ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക ശക്തിയില്‍ വിശ്വസിച്ചിരുന്ന രാജ്യത്തിന് വാഗ്ദാനമായിരുന്ന ബിസിനസ്സ് നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ', മോദി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എംപിമാരായ ശരത് പവാര്‍, സുപ്രിയ സുലെ, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാല്‍ഘര്‍ ചാരോട്ടിയില്‍ വച്ചായിരുന്നു സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 3.15ഓടെയായിരുന്നു സംഭവം നടന്നതെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറയുന്നു. മിസ്ത്രിയുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിൽ മിസ്ത്രിയുടെ ബന്ധുവും മരിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘം സഞ്ചരിച്ച ബെന്‍സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.


STORY HIGHLIGHTS: 'Big loss to the world of commerce and industry'; Prime Minister condoles the demise of Cyrus Mistry

Next Story