Top

പശുക്കളിലെ ചര്‍മമുഴ രോഗം തടയണമെന്നാവശ്യം; രാജസ്ഥാനില്‍ ബിജെപി പ്രതിഷേധത്തിനിടെ സംഘര്‍ഷം

രാജസ്ഥാനില്‍ മാത്രം ഇതിനോടകം 57,000 കന്നുകാലികള്‍ ചത്തെന്നാണ് കണക്കുകള്‍. 11 ലക്ഷത്തോളം കന്നുകാലികള്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്.

20 Sep 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പശുക്കളിലെ ചര്‍മമുഴ രോഗം തടയണമെന്നാവശ്യം; രാജസ്ഥാനില്‍ ബിജെപി പ്രതിഷേധത്തിനിടെ സംഘര്‍ഷം
X

ജയ്പൂര്‍: രാജസ്ഥാനില്‍ ചര്‍മമുഴ രോഗം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ജയ്പൂരില്‍ നടത്തിയ വന്‍ പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കി മുന്നോട്ടുപോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തിങ്കളാഴ്ച്ച ബിജെപി എംഎല്‍എമാരില്‍ ഒരാള്‍ നിയമസഭാ പരിസരത്ത് പശുവിനെ കൊണ്ടുവന്നത് വാര്‍ത്തയായിരുന്നു.

ചര്‍മമുഴ രോഗത്തെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. 'ചര്‍മ മുഴ രോഗത്തില്‍ നിന്ന് പശുക്കളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനുകളും മരുന്നുകളും നല്‍കണം. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രം ഈ രോഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,:' ഗെലോട്ട് പ്രതികരിച്ചു.


കന്നുകാലികൃഷിയാണ് രാജസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാനില്‍ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗം ക്ഷീരകൃഷിയാണ്. 13 സംസ്ഥാനങ്ങളിലേക്ക് ചര്‍മ മുഴ രോഗം വ്യാപിച്ച സ്ഥിതിക്ക് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് അഭ്യര്‍ത്ഥിച്ച് ഗെലോട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. വാക്‌സിന്‍ തയ്യാറായി കഴിഞ്ഞാല്‍ രാജസ്ഥാന് മുന്‍ഗണന നല്‍കണമെന്നും ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ചര്‍മമുഴ രോഗം (ലംപി സ്‌കിന്‍ ഡിസീസ്) ബാധിച്ച് രാജസ്ഥാനില്‍ മാത്രം ഇതിനോടകം 57,000 കന്നുകാലികള്‍ ചത്തെന്നാണ് കണക്കുകള്‍. 11 ലക്ഷത്തോളം കന്നുകാലികള്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ പാല്‍ ഉല്‍പാദനത്തെ രോഗം സാരമായി ബാധിച്ചുതുടങ്ങി. പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മധുര പലഹാരങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്. പാല്‍ സംഭരണം 15-18 ശതമാനം കുറഞ്ഞെന്ന് രാജസ്ഥാനിലെ ഏറ്റവും വലിയ പാല്‍ സഹകരണ സംഘമായ ജയ്പൂര്‍ ഡെയ്‌റി ഫെഡറേഷന്‍ പ്രതികരിച്ചു.

ദിവസേന 14 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നത് 12 ലക്ഷം ലിറ്ററായി കുറഞ്ഞെന്ന് ജയ്പൂര്‍ ഡെയ്‌റി ഫെഡറേഷന്‍ ചെയര്‍മാന്‍ ഓം പൂനിയ പ്രതികരിച്ചു. നിലവില്‍ ചര്‍മ മുഴ രോഗത്തിനായി പ്രത്യേകം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആട് വസൂരി വാക്‌സിന്‍ (ഗോട്ട് പോക്‌സ്) ചര്‍മ മുഴ രോഗത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 16.22 ലക്ഷം ആട് വസൂരി വാക്‌സിന്‍ ഡോസുകളാണ് രാജസ്ഥാന്റെ പക്കലുണ്ടായിരുന്നത്. ഇതില്‍ 12.32 ലക്ഷം ഡോസുകള്‍ കന്നുകാലികളിലെ വാക്‌സിനേഷന് ഉപയോഗിച്ചുകഴിഞ്ഞു.

STORY HIGHLIGHTS: Big BJP Protest In Jaipur Over Lumpy Skin Disease clashes with police

Next Story