'ഇന്ത്യക്കൊരു ചാഞ്ചാട്ടം പോലെ'; റഷ്യയോടുള്ള പ്രതികരണത്തിൽ ബൈഡൻ
22 March 2022 8:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്ത് വന്നപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയുടെ പ്രതികരണത്തിന് ഒരു ചാഞ്ചാട്ടമുണ്ടെന്നാണ് ബൈഡൻ പറഞ്ഞത്. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അംഗമായ ക്വാഡ് സഖ്യത്തിൽ ഇന്ത്യയൊഴികെയുള്ള രാജ്യങ്ങൾ ശക്തമായി റഷ്യക്കെതിരെ നിലപാടെടുത്തെന്നും ബൈഡൻ വ്യക്തമാക്കി.
ക്വാഡിന് പുറമോ നാറ്റോ, യൂറോപ്യൻ യൂണിയൻ എന്നീ ശക്തികളും റഷ്യൻ പ്രസിഡന്റ് വോളോദിമർ പുടിനെതിരെ രംഗത്ത് വന്നെന്നും ബൈഡൻ പറഞ്ഞു. റഷ്യക്കെതിരെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കുകൾ പ്രഖ്യാപിക്കുകയും റഷ്യയെ കുറ്റപ്പെടുത്തി പ്രസ്താവനകളിറക്കിയപ്പോഴും ഇന്ത്യ ഇതിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു.
ഇരുപക്ഷവും ചർച്ച ചെയ്ത് സമാധാന പരമായി വിഷയം ചർച്ച ചെയ്ത പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ നയം. ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് യുക്രെയ്നുൾപ്പടെ ആവശ്യപ്പെട്ടപ്പോഴും ഇന്ത്യ റഷ്യയെ പിണക്കിയില്ല. മാത്രമല്ല റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനും ഇന്ത്യ തീരുമാനിച്ചു. ക്രൂഡ് ഓയിലിന് റഷ്യ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ഇന്ത്യ ഇതിന് തയ്യാറായത്.
ആഗോള തലത്തിൽ സ്വീകാര്യമായ പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ വിലക്കിയ സാഹചര്യത്തിൽ ഇന്ത്യൻ രൂപ-റഷ്യൻ കറൻസിയായ റൂബിൾ വഴിയാണ് ഇടപാട്. യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്ക് മേൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള ഇടപാടിന് പല രാജ്യങ്ങളും മടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എണ്ണ ഇടപാടിന് തയ്യാറായത്. ഇക്കാര്യങ്ങളുൾപ്പെടെ മുൻ നിർത്തിയാണ് ബൈഡന്റെ പരാമർശമെന്നാണ് സൂചന.
story highlight: Joe Biden says India is somewhat shaky in response against Russia