ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് ഇന്ന് കടക്കും; മഹാരാഷ്ട്രയില്‍ ലഭിച്ചത് ഉജ്ജ്വല വരവേല്‍പ്പ്
യാത്രയിലൂടെ ലഭിച്ച ആവേശവും ഊര്‍ജ്ജവും നിലനിലനിര്ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍ പറഞ്ഞു.
20 Nov 2022 11:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ മഹാരാഷ്ട്രയിലെ പര്യടനം ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച യാത്ര മധ്യപ്രദേശിലേക്ക് കടക്കും. യാത്രയുടെ 74ാം ദിനത്തിലാണ് മധ്യപ്രദേശിലേക്ക് കടക്കുന്നത്. മധ്യപ്രദേശിലെ ബുല്‍ധാനയിലെ ബേന്ദ്വാളില് നിന്നാണ് യാത്ര ആരംഭിക്കുക.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്കുന്ന സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. ഒരു കാലത്ത് ശക്തികേന്ദ്രമായിരുന്ന സംസ്ഥാനത്തെ വീണ്ടും ഇളക്കിമറിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ യാത്രക്കായി.
യാത്രയിലൂടെ ലഭിച്ച ആവേശവും ഊര്‍ജ്ജവും നിലനിലനിര്ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഫെബ്രുവരിയില്‍ പൂര്‍ത്തിയായതിന് ശേഷം സംസ്ഥാനത്തെ ആറ് റെവന്യൂ ഡിവിഷനുകളിലും പര്യടനം നടത്തുന്ന മറ്റൊരു യാത്രയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ യാത്രകളെ അഭിസംബോധന ചെയ്യുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുണ്ടാക്കിയ ആവേശം അടുത്ത തെരഞ്ഞെടുപ്പ് വരെ നിലനിര്‍ത്തുമെന്നും നാനാ പട്ടോള്‍ പറഞ്ഞു.
തിങ്കളാഴ്ച യാത്രക്ക് അവധിയാണ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാവാന്‍ രാഹുല്‍ ഗാന്ധി പോവുന്നതിനാലാണ് അവധി. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായാണ് മറ്റൊരു സ്വഭാവത്തിലുള്ള രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുന്നത്.
സൂറത്തിലും രാജ്ക്കോട്ടിലും നടക്കുന്ന റാലികളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗുജറാത്തിലെത്തി ബൂത്ത് തല പ്രവര്‍ത്തകരെ രാഹുല്‍ അഭിസംബോധന ചെയ്തിരുന്നു.
Story Highlights: bharat jodo yatra wraps up Maharashtra leg