ഫ്ളൈ ഓവറില്‍ നിന്ന് 10 രൂപ നോട്ടുകള്‍ വീശിയെറിഞ്ഞ് യുവാവ്; ബംഗളൂരുവില്‍ ഗതാഗത തടസം
ആരാണ് യുവാവെന്നും എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്നതും വ്യക്തമല്ല.
24 Jan 2023 10:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബെംഗളൂരു: ഫ്ളൈ ഓവറില്‍ നിന്ന് ജനക്കൂട്ടത്തിലേക്ക് പത്തുരൂപ നോട്ടുകള്‍ വീശിയെറിഞ്ഞ് യുവാവ്. ബെംഗളൂരുവിലെ തിരക്കേറിയ കെ ആര് മാര്‍ക്കറ്റിലെ ഫ്ളൈ ഓവറിന് താഴെയുള്ള ജനക്കൂട്ടത്തിലേക്കാണ് യുവാവ് നോട്ടുകള്‍ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്ളൈഓവറിലും താഴെയും വലിയ ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
കോട്ടും പാന്റ്സും ധരിച്ച് കയ്യില്‍ ക്ലോക്കുമായി വന്ന യുവാവാണ് അപ്രതീക്ഷിതമായി നോട്ടുകള്‍ അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നോട്ട് കണ്ട് വാഹനം നിര്‍ത്തുന്നതും ആളുകള്‍ ഇയാളോട് പണം ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാള്‍ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. ആരാണ് യുവാവെന്നും എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്നതും വ്യക്തമല്ല. പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ പോയി കഴിഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- TAGS:
- bengaluru