Top

'തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം അരുത്'; പ്രാദേശിക ഘടകങ്ങളോട് ബംഗാള്‍ സിപിഐഎം

28 Oct 2022 6:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം അരുത്; പ്രാദേശിക ഘടകങ്ങളോട് ബംഗാള്‍ സിപിഐഎം
X

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം പാടില്ലെന്ന് പ്രാദേശിക ഘടകങ്ങളോട് അഹ്വാനം ചെയ്ത് ബം​ഗാൾ സിപിഐഎം. സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യയെ ചൊവ്വാഴ്ച ബിജെപിയുടെ ഡാർജിലിംഗ് എംപി രാജു ബിസ്തയും സിലിഗുരി എംഎൽഎ ശങ്കർ ഘോഷും സിലിഗുരിയിലെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ പ്രഖ്യാപനം. സിപിഐഎം അനുഭാവികൾ‌ ബിജെപിയിലേക്ക് പോവുന്നത് തടയുക എന്നതാണ് പുതിയ നിർദ്ദേശത്തിന് പിന്നിൽ.

കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം അടുത്തിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഐഎം മികവ് തെളിയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ വോട്ട് ബാങ്കിലുണ്ടായ വിളളൽ സംസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കി കൊടുത്തുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം ഉറപ്പാക്കിക്കൊണ്ടാണ് സിപിഐഎം അവരുടെ ശക്തി വീണ്ടെടുക്കാൻ തുടങ്ങിയത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രക‍ടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.

'നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ട്. ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും അനുവദിക്കില്ല. ഞങ്ങൾ മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു പരമ്പര തയ്യാറാക്കും. ആ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഏരിയാ കമ്മിറ്റികൾ തീരുമാനങ്ങളെടുക്കണം,' എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം പറഞ്ഞു.

സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കുന്നതോ പോലുള്ള തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സാധാരണയായി താഴെത്തട്ടിലുള്ള നേതാക്കളും പ്രവർത്തകരും എടുക്കും. സ്ഥാനാർത്ഥി നിർണയ പ്രക്രിയ അതേപടി തുടരും. തീരുമാനങ്ങൾ ജില്ലാ കമ്മിറ്റികൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സംസ്ഥാന കമ്മിറ്റി ഇടപെടുമെന്നും സലിം പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും ഇടതുപക്ഷവും ബിജെപിയും തമ്മിൽ അനൗദ്യോഗിക സഖ്യമുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കൻ ബംഗാളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനിടെ അശോക് ഭട്ടാചാര്യയെ ബിജെപി നേതാക്കൾ സന്ദർശിച്ചത് ഊഹാപോഹങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.

'തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഭട്ടാചാര്യയെ സന്ദർശിച്ചത് ഒരു മര്യാദ മാത്രമായിരുന്നില്ല. ഇതിന് തീർച്ചയായും ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കൻ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺ​ഗ്രസും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഭട്ടാചാര്യയെപ്പോലുള്ള ഒരു നേതാവിന്റെ പിന്തുണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ തൃണമൂൽ കോൺ​ഗ്രസിന്റെ ലക്ഷ്യം തെറ്റിക്കും.' എന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു.

STORY HIGHLIGHTS: Bengal CPIM says No pact with BJP in rural polls

Next Story