ബംഗാള്‍ മന്ത്രിസഭാ പുനഃസംഘടന ; ഒമ്പതിൽ എട്ട് പുതുമുഖങ്ങൾ, മുൻ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടന നടന്നത്
3 Aug 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: ബംഗാള്‍ മന്ത്രിസഭയില്‍ എട്ട് പുതുമുഖങ്ങള്‍. മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഒമ്പത് മന്ത്രിമാരെയാണ് മമത ബാനര്‍ജി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടന നടന്നത്. ബാബുല്‍ സുപ്രിയോ, സ്നേഹസിസ് ചക്രവര്‍ത്തി, പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദര്‍, തജ്മുല്‍ ഹുസൈന്, സത്യജിത് ബര്‍മാന്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി ബിര്‍ബഹ ഹന്‍സ്ദയും ബിപ്ലബ് റോയ് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ ബാബുല്‍ സുപ്രിയോ കഴിഞ്ഞ വര്‍ഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്. കൊല്‍ക്കത്തയിലെ ബാലിഗഞ്ച് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബാബുല്‍ സുപ്രിയോ. മൂന്ന് വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടനയാണിത്. നാലോ അഞ്ചോ പുതുമുഖങ്ങള്‍ മന്ത്രിസഭയിലുണ്ടാകുമെന്നും നിലവിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മമത അറിയിച്ചിരുന്നു. നിലവിലുള്ള ഒരു മന്ത്രിമാരെയും സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും അതുകൊണ്ട് തന്നെ പശ്ചിമബംഗാളില്‍ നടന്ന ഏറ്റവും വലിയ പുനഃസംഘടനകളില്‍ ഒന്നായിരിക്കുമിതെന്ന് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജി ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. വ്യാപക പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ ദിവസം മമത ബാനർജി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചത്. പാർത്ഥ ചാറ്റർജിക്ക് പുറമെ അധ്യാപക നിയമന അഴിമതി കേസിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ അർപ്പിത മുഖർജിയും ഇഡിയുടെ കസ്റ്റഡിയിലാണ്. 50 കോടിയോളം രൂപ അര്‍പ്പിതയുടെ വിവിധ ഫ്ളാറ്റുകളില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെ കാറിലും പണം ഒളിപ്പിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ അർപ്പിത മുഖർജി ഇഡിയോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Bengal Chief Minister Mamata Banerjee reshuffled her cabinet inducting eight new faces