Top

അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് പിപിഇ കിറ്റ് വാങ്ങാന്‍ അനധികൃതമായി കരാര്‍; ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ

പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അടിന്തരമായി കരാര്‍ നല്‍കിയത്‌

1 Jun 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് പിപിഇ കിറ്റ് വാങ്ങാന്‍ അനധികൃതമായി കരാര്‍; ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ
X

ഗുവാഹത്തി: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് അസം സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള കമ്പനിക്ക് അനധികൃതമായി കൊവിഡ് പ്രതിരോധ കിറ്റുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയതായി വിവരാവകാശ രേഖകള്‍. 2020 മാര്‍ച്ച് 24ന് പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് 18ന് നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് അടിയന്തരമായി ടെന്‍ഡര്‍ നല്‍കിയെന്ന് ദി വയര്‍ പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സാനിറ്ററി നാപ്കിനുകള്‍ മാത്രം നിര്‍മ്മിച്ച് പരിചയമുള്ള കമ്പനിക്കാണ് ടെന്‍ഡര്‍ അനുവദിച്ചതെന്നും രേഖകളിലുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ബുയാന്‍ ശര്‍മ്മയുടെ പേരിലുള്ള ജെസിബി ഇന്‍ഡസ്ട്രീസിന് പുറമേ, കുടുംബ സുഹൃത്ത് ഘനശ്യാം ധനുകയുടെ ഉടമസ്ഥതയിലുള്ള ജിആര്‍ഡി ഫാര്‍മസ്യൂട്ടിക്കല്‍സിനും മെഡിടൈം ഹെല്‍ത്ത് കെയറിനും കരാര്‍ നല്‍കിയെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അസമിലെ ന്യൂസ് പോര്‍ട്ടലായ ദി ക്രോസ് കറന്റുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് ദി വയര്‍ പുറത്ത് വിട്ടത്. ജെസിബി ഇന്‍ഡസ്ട്രിക്ക് 5,000 പിപിഇ കിറ്റ് നിര്‍മ്മിക്കാനുള്ള കരാറാണ് അനുവദിച്ചത്.

കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഹിമന്ത ബിശ്വ ശര്‍മ്മ ആരോഗ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഘനശ്യാം ധനുകയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കരാറുകള്‍ ലഭ്യമാവാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്ഡൗണിന് മുമ്പേ തന്നെ അടിയന്തര ആവശ്യത്തിനായി അനുവദിച്ച ടെന്‍ഡറിലെ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ ഹിമന്തയുടെ ഭാര്യയുടെ പേരിലുള്ള കമ്പനിയും ധനുകയുടെ ഒരു കമ്പനിയും പരാജയപ്പെട്ടുവെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്നും ധനുകയുടെ മെഡി ടൈം ഹെല്‍ത്ത് കെയറിന് സര്‍ക്കാരിന്റെ കരാറുകള്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരുന്നു.

ജെസിബി ഇന്‍ഡസ്ട്രീസില്‍ നിന്നും അടിയന്തര ആവശ്യത്തിന് എത്തിക്കാന്‍ 5,000 പിപിഇ കിറ്റുകള്‍ ആവശ്യപ്പെട്ട അതേ ദിവസം തന്നെ അസമിലെ മറ്റൊരു കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റുകള്‍ എത്തിക്കാന്‍ കരാര്‍ നല്‍കിയതായും രേഖകളുണ്ട്. ജെസിബി ഇന്‍ഡസ്ട്രീസിനോട് കിറ്റൊന്നിന് 990 രൂപയ്ക്ക് വാങ്ങിയ കിറ്റുകള്‍ എന്‍ഇ സര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ നിന്നും 600 രൂപയ്ക്ക് വാങ്ങാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ജെസിബി ഇന്‍ഡസ്ട്രീസ് കിറ്റുകള്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അവരുമായുള്ള കരാര്‍ പിന്നീട് റദ്ദാക്കുകയായിരുന്നു. ഇതേസമയം, എന്‍ഇ സര്‍ജിക്കല്‍സ് ഇന്‍ഡസ്ട്രീസ് അവര്‍ക്ക് ലഭിച്ച കരാര്‍ കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

STORY HIGHLIGHTS: Before Lockdown, Assam Govt Gave 'Urgent' PPE Orders to Firms Linked to CM Himanta Biswa Sarma

Next Story