Top

'ബാബാ രാംദേവ് ആധുനിക ചികിത്സയെ ഇങ്ങനെ പഴിക്കുന്നതെന്തിന്'; ഡോക്ടര്‍മാരെ കൊലയാളികളെന്ന് വിളിക്കരുതെന്ന് സുപ്രീം കോടതി

ആയുര്‍വേദത്തിന് എല്ലാ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് എന്താണ് ഉറപ്പെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു

23 Aug 2022 4:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാബാ രാംദേവ് ആധുനിക ചികിത്സയെ ഇങ്ങനെ പഴിക്കുന്നതെന്തിന്; ഡോക്ടര്‍മാരെ കൊലയാളികളെന്ന് വിളിക്കരുതെന്ന് സുപ്രീം കോടതി
X

ന്യൂഡല്‍ഹി: ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതില്‍ യോഗ ഗുരു ബാബ രാംദേവിന് വിമര്‍ശനവുമായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് അലോപ്പതി പോലുള്ള ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള പ്രസ്താവനകളെ ചോദ്യം ചെയ്തത്. ആയുര്‍വേദത്തിന് എല്ലാ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് എന്താണ് ഉറപ്പെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വാക്‌സിനേഷനുകള്‍ക്കും ആധുനിക മരുന്നുകള്‍ക്കുമെതിരായ പ്രചാരണങ്ങളും വിദ്വേഷ പരസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.

'ബാബാ രാംദേവിന് എന്ത് സംഭവിച്ചു? അദ്ദേഹത്തിന് തന്റെ സംവിധാനം ജനകീയമാക്കാന്‍ സാധിക്കും. എന്നാല്‍, അദ്ദേഹം മറ്റു സംവിധാനങ്ങളെ എന്തിന് വിമര്‍ശിക്കണം? നമ്മള്‍ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാല്‍ മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കരുത്. എല്ലായ്‌പ്പോഴും തന്റെ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന് എന്ത് ഉറപ്പാണുള്ളത്? ഡോക്ടര്‍മാരുടെ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനാകില്ല. മറ്റു സംവിധാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം', ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.

'ആയുര്‍വേദത്തിന് എല്ലാ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നതില്‍ എന്ത് ഉറപ്പാണുള്ളത്? ആധുനിക ചികിത്സയേയും ഡോക്ടര്‍മാരെയും അദ്ദേഹത്തിന് തള്ളിക്കളയാനാകില്ല. ഡോക്ടര്‍മാര്‍ കൊലയാളികളാണെന്ന് പറഞ്ഞു വയ്ക്കുന്ന പരസ്യങ്ങള്‍ എന്തിനാണ് നല്‍കുന്നത്?', എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ജസ്റ്റിസുമാരായ ഹിമാ കോലിയും സി ടി രവികുമാറും ബെഞ്ചില്‍ അംഗങ്ങളായിരുന്നു. ഐഎംഎയുടെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

STORY HIGHLIGHTS: Baba Ramdev must not criticise other medicine systems: SC during hearing on ads against allopathy and Modern Medicine

Next Story