Top

'കണ്ടറിഞ്ഞ് സഹായിക്കുക'; സ്വകാര്യയാത്രക്ക് വ്യോമയാന സെക്രട്ടറിക്കും ഭാര്യക്കും ടാറ്റയുടെ എയര്‍ ഇന്ത്യയില്‍ പ്രത്യേക ഇളവ്

14 May 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ടറിഞ്ഞ് സഹായിക്കുക; സ്വകാര്യയാത്രക്ക് വ്യോമയാന സെക്രട്ടറിക്കും ഭാര്യക്കും ടാറ്റയുടെ എയര്‍ ഇന്ത്യയില്‍ പ്രത്യേക ഇളവ്
X

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന് വില്‍പന നടത്തിയ എയര്‍ ഇന്ത്യയില്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിക്കും, ഭാര്യക്കും പ്രത്യേക പരിഗണന. എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന യാത്രാ ആനുകൂല്യം നിര്‍ത്തലാക്കിയ സാഹചര്യം നിലനില്‍ക്കെയാണ് വ്യോമയാന സെക്രട്ടറി രാജീവ് ബെന്‍സാലിനും, ഭാര്യ അപര്‍ണ ബെന്‍സാലിനും സ്വകാര്യയാത്രക്കായി വലിയ ഇളവുകള്‍ നല്‍കിയത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മേയ് 7 നാണ് വ്യോമയാന സെക്രട്ടറി രാജീവ് ബെന്‍സാലും, ഭാര്യ അപര്‍ണ ബെന്‍സാലിനും യുഎസിലെ ന്യൂജേഴ്‌സിലേക്ക് പോയത്. എയര്‍ ഇന്ത്യയുടെ എഐ 105 വിമാനത്തിലായിരുന്നു യാത്ര. എക്കണോമി ക്ലാസില്‍ ആയിരുന്നു ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഇതേ വിമാനത്തില്‍ യാത്ര ചെയ്ത മറ്റ് യാത്രക്കാരേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജീവ് ബന്‍സലിന്റെ ടിക്കറ്റ് 2022 ഏപ്രില്‍ 1നും ഭാര്യയുടെ ടിക്കറ്റ് 2022 ഫെബ്രുവരി 24നും ബുക്ക് ചെയ്തതായാണ് വിവരം. വ്യത്യസ്ത യാത്രക്കാര്‍ക്ക്, ഈ റൂട്ടില്‍ ഫെബ്രുവരി 24ന് ഏകദേശം 80,000 രൂപയും, ഏപ്രില്‍ 1ന് ഏകദേശം 1.41 ലക്ഷം രൂപയും ആയിരുന്നു യാത്ര നിരക്ക്. ഈ സാഹചര്യം നിലനില്‍ക്കെ ഇരുവര്‍ക്കും യഥാര്‍ത്ഥ നിരക്കിനേക്കാള്‍ 'വളരെയധികം കുറഞ്ഞ ഫീസ്' ആയിരുന്നു ഈടാക്കിയത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമെ വ്യോമയാന സെക്രട്ടറിക്കും, ഭാര്യക്കും പ്രത്യേക പരിഗണന നല്‍കണം എന്നും എയര്‍ ഇന്ത്യയുടെ ഉന്നതര്‍ ഇടപെട്ട് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് വിമാനത്തില്‍ കയറിയതിന് പിന്നാലെ എക്കണോമി ക്ലാസില്‍ നിന്നും ഇരുവരെയും ബിസിനസ് ക്ലാസിലേക്ക് മാറ്റി കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു.

വ്യോമയാന സെക്രട്ടറിയും, ഭാര്യയും യാത്ര നിശ്ചയിച്ച് ദിവസം മുന്‍പ് ഇരുവരെയും പ്രത്യേകം പരിഗണണിക്കണമെന്ന് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഉന്നത മേധാവിമാരില്‍ നിന്ന് നിര്‍ദേശവും ലഭിച്ചിരുന്നു. എയര്‍ ഇന്ത്യ ചീഫ് കൊമേഴ്‌ഷ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഇ മെയില്‍ സന്ദേശത്തിലാണ് പ്രത്യേക പരിഗണനാ നിര്‍ദേശം നല്‍കിയത്. ഇരുവരെയും തിരിച്ചറിഞ്ഞ് സഹായിക്കുക. പ്രത്യേക പരിഗണന നല്‍കുക. ലഭ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നായിരുന്നു നിര്‍ദേശം.

അതേസമയം, പ്രത്യേക പരിഗണനാ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ വ്യോമയാന സെക്രട്ടറി രാജീവ് ബെന്‍സാല്‍ തയ്യാറായില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. 'എയര്‍ലൈനിന്റെ ഉടമകളുമായി വസ്തുതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു,' എന്നായിരുന്നു വിഷയം അന്വേഷിച്ച് അയച്ച ഇ മെയിലിന് ബന്‍സാല്‍ നല്‍കിയ മറുപടി.

Story Highlight: Aviation Secretary and spouse get cut-rate A-I tickets to US

Next Story

Popular Stories