Top

അസം മുഖ്യമന്ത്രിയുടെ റാലിക്കിടെ മൈക്ക് നശിപ്പിക്കാന്‍ ശ്രമം; വേദിയിലെത്തിയത് ടിആര്‍എസ് ശൈലിയില്‍ ഷാള്‍ ധരിച്ചയാള്‍

9 Sep 2022 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസം മുഖ്യമന്ത്രിയുടെ റാലിക്കിടെ മൈക്ക് നശിപ്പിക്കാന്‍ ശ്രമം; വേദിയിലെത്തിയത് ടിആര്‍എസ് ശൈലിയില്‍ ഷാള്‍ ധരിച്ചയാള്‍
X

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച്ച. അസം മുഖ്യമന്ത്രി ഇരുന്ന വേദിയില്‍ ഒരാള്‍ കടന്നു കയറി മൈക്കും സ്റ്റാന്‍ഡും നശിപ്പിക്കാന്‍ ശ്രമിച്ചു. അതിക്രമിച്ചുകയറിയ വ്യക്തി ഹിമന്ത ബിസ്വ ശര്‍മ്മയുടെ ദേഷ്യത്തോടെ നോക്കുന്നതും എന്തോ പറയാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടേതിന് സമാനമായ മജന്ത നിറമുള്ള സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ വേദിയിലെത്തിയത്. തുടര്‍ന്ന് മൈക്ക് കയ്യിലെടുത്ത് അതിന്റെ സ്റ്റാന്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും മൈക്കിലൂടെ എന്തോ വിളിച്ചു പറയുകയും ചെയ്തു. വേദിയിലേക്കു കയറി വന്ന ബിജെപി പ്രവര്‍ത്തകരും അംഗരക്ഷകരും കൂടിയാണ് ഇയാളെ പിടിച്ചു മാറ്റിയത്. വേദിയില്‍ ഇത്തരമൊരു സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടും ഹിമന്ത് ബിസ്വ ശര്‍മ സീറ്റിലിരുന്ന് ചിരിക്കുക മാത്രം ചെയ്തു. ഭാഗ്യനഗറിലെ ഗണേശോത്സവത്തില്‍ പങ്കെടുക്കുന്നതിനായാണ് ഹിമന്ത ബിസ്വ ശര്‍മ്മ ഹൈദരാബാദിലെത്തിയത്.

സര്‍ക്കാര്‍ രാജ്യത്തിനു വേണ്ടിയുള്ളതാവണമെന്ന് ഹിമന്ത ബിസ്വ ശര്‍മ ചടങ്ങിനിടെ പ്രസംഗിച്ചു. 'തെലുങ്കാന മുഖ്യമന്ത്രി ബിജെപി ഇല്ലാത്ത രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഞങ്ങള്‍ രാജവാഴ്ച ഇല്ലാത്ത രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയുടെ മകന്റേയും മകളുടേയും ഒക്കെ ചിത്രങ്ങള്‍ കാണാം. രാജ്യത്തിന്റെ രാഷ്ട്രീയം രാജവാഴ്ചയില്ലാത്തതാവണം' അസം മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയം കുടുംബത്തിനു വേണ്ടിയുള്ളതല്ല. ഒരു രാഷ്ട്രത്തിനു ഏത് തലത്തിലായാലും രണ്ട് മുഖങ്ങളുണ്ട്. അതിനുള്ളിലാണ് ഇതെല്ലാം നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പും, 2024ലെ ദേശീയ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് തെലങ്കാനയില്‍ ബിജെപിയും കെസിആറിന്റെ തെലുങ്കാന രാഷ്ട്ര സമിതിയും തമ്മിലുള്ള പോര് മുറുകുകയാണ്. മിഷന്‍ സൗത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ തന്ത്രങ്ങളാണ് ബിജെപി തെലങ്കാനയില്‍ പയറ്റുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് തെലങ്കാന ബിജെപിയുടെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ചുമതല നല്‍കിയിട്ടുണ്ട്. മലയാളിയായ അരവിന്ദ് മേനോനാണ് തെലങ്കാനയിലെ സഹചുമതല.

STORY HIGHLIGHTS: Attempt to destroy microphone during Assam CM's rally; He came to the stage wearing a shawl in TRS style

Next Story

Popular Stories