Top

യുപിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം

മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണം നടത്തിയത്.

20 Oct 2021 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം
X

ഉത്തര്‍പ്രദേശില്‍ വീണ്ടും കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് അക്രമിക്കപ്പെട്ടത്. കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണം നടത്തിയത്.

വാരണാസിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവെ അക്രമികള്‍ എത്തി വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഇവരെ ആക്രമിക്കുകയായിരുന്നു. കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത അക്രമികള്‍ ഇവരെ വലിച്ചിഴച്ചു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമാണ് റിപ്പോര്‍ട്ട്. കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായാണ് അക്രമികള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് സ്‌കൂള്‍ അധികൃതരെത്തിയ ശേഷം കന്യാസ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ഹിന്ദു യുവവാഹിനി എന്ന സംഘടനയാണെന്ന്് ആക്രമണത്തിന് ഇരയായ കന്യാസ്ത്രീകള്‍ ആരോപിച്ചു. എന്നാല്‍ അക്രമികള്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടില്ല. ഹിന്ദു യുവവാഹിനി സംഘടനയില്‍ നിന്നുള്ളവരുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ മടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെയും മതപരിവര്‍ത്തനമെന്നാരോപിച്ച് ഝാന്‍സിയില്‍ വെച്ചും കന്യാസ്ത്രീകള്‍ക്ക് നേരെ സമാന സംഭവം അരങ്ങേറിയിരുന്നു. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെ ആയിരുന്നു ആക്രമണം നടന്നത്. വിദ്യാര്‍ത്ഥികളെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. വിഷയത്തില്‍ കേസ് നടന്ന് വരികെയാണ് യുപി വീണ്ടും കന്യസ്ത്രീകള്‍ക്കെതിരായ അതിക്രമം തുടര്‍കഥയായി മാറുന്നത്.

Next Story