Top

'അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ, ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ'; അശോക് ​ഗെഹ്ലോട്ട്

ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ​ഗെഹ്ലോട്ട് വിമർശിച്ചു

13 Sep 2022 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ, ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ; അശോക് ​ഗെഹ്ലോട്ട്
X

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെ ബിജെപിയെ വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ട്. ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോ​ഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺ​ഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോ​ഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവരാണ് രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിനെക്കുറിച്ച് പറയുന്നത്. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ​ഗെഹ്ലോട്ട് വിമർശിച്ചു.

ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ​ഗെഹ്ലോട്ട് വിമർശിച്ചു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി ധരിച്ചിരിക്കുന്ന ടീ ഷർട്ടിന് 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ​ഗാന്ധി ടീ ഷർട്ട് ധിരിച്ചിരിക്കുന്ന ഫോട്ടോയും അതിന് സമാനമായ ടീ ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവെച്ചായിരുന്നു ബിജെപിയുടെ വിമർശനം. രാഹുൽ ധരിക്കുന്നത് വിദേശ നിർമ്മിത ടീ ഷർട്ട് ആണെന്ന് അമിത് ഷായും ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ധരിച്ചിരിക്കുന്നത് തമിഴ്നാട് തിരുപ്പൂരിൽ നിർമ്മിച്ച ടീ ഷർട്ട് ആണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ കെ എസ് അഴ​ഗിരി വ്യക്തമാക്കിയിരുന്നു.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കഴക്കൂട്ടം അൽസാജിന് സമീപത്തു നിന്ന് ആരംഭിച്ചു. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും, സിഎംപി നേതാക്കളുമായും കെ-റെയിൽ വിരുദ്ധ സമര സമിതി പ്രതിനിധികളുമായും രാഹുൽ ഇന്ന് കൂടിക്കാഴ്ച നടത്തും. തുടർന്ന് കല്ലമ്പലത്ത് യാത്ര സമാപിക്കും. സമാപന പൊതുസമ്മേളനത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

STORY HIGHLIGHTS: Ashok Gehlot criticizing Amit Shah and BJP on Rahul Gandhi T shirt

Next Story