Top

രാജസ്ഥാനില്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ഗെഹ്‌ലോട്ട്‌; മീറ്റിങ്ങ് സച്ചിന്‍ പൈലറ്റിന്റെ അഭാവത്തില്‍

സച്ചിന്‍ പൈലറ്റിന്റെ അഭാവത്തില്‍ ചേരുന്ന യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ മുഖം കൂടിയാണ് തുറന്ന് കാണിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്

20 Sep 2022 5:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാനില്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ഗെഹ്‌ലോട്ട്‌; മീറ്റിങ്ങ് സച്ചിന്‍ പൈലറ്റിന്റെ അഭാവത്തില്‍
X

ജയ്പൂര്‍: രാജസ്ഥാനില്‍ എംഎല്‍എമാരുടെ നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. രാത്രി വൈകി നടക്കുന്ന യോഗത്തില്‍ എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി തന്റെ പേര് മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ഗെഹ്ലോട്ട് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ അഭാവത്തില്‍ ചേരുന്ന യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ മുഖം കൂടിയാണ് തുറന്ന് കാണിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലാണ് നിലവില്‍ സച്ചിന്‍ പൈലറ്റുള്ളത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗം ചേരുക. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ എന്തായിരിക്കണം തീരുമാനം എന്ന് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നതിനാകാം രാത്രി വൈകിയും യോഗം വിളിച്ച് ചേര്‍ത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നേതൃത്വത്തിന് മുന്നില്‍ ഗെഹ്ലോട്ട് ഉപാധി വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

മത്സരിക്കാന്‍ തയ്യാറാണ് എങ്കിലും മുഖ്യമന്ത്രി പദം രാജിവെക്കാന്‍ ഒരുക്കമല്ല എന്നാണ് ഗെഹ്ലോട്ടിന്റെ നിലപാട്. അഥവ പദവി രാജിവെക്കണം എങ്കില്‍ താന്‍ പറയുന്നയാളെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടണമെന്നുമാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് മുന്നോട്ടു വരുന്നതിനോടോ, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പരിഗണിക്കപ്പെടുന്നതിനോടോ, ഗെഹ്ലോട്ടിന് താല്‍പര്യമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് തന്നെയുള്ള വിവരങ്ങള്‍.

2018-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പദത്തിനായുള്ള അശോക് ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് യുദ്ധം ആരംഭിക്കുന്നത്. എന്നാല്‍ അവിടെയും കോണ്‍ഗ്രസ് നേതൃത്വം ഗെഹ്ലോട്ടിനൊപ്പം നില്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. അന്ന് ഉപമുഖ്യമന്ത്രിയായി തുടര്‍ന്ന് പാര്‍ട്ടിയോട് ഒപ്പം നില്‍ക്കാനാണ് സച്ചിന്‍ പൈലറ്റ് തീരുമാനിച്ചത്. എന്നാല്‍ ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ മുഖ്യമന്ത്രി പദവി സച്ചിന് വിട്ടുകൊടുക്കേണ്ടി വരുമെന്ന ആശങ്കയാണ് ഗെഹ്ലോട്ടിന്റെ ഉപാധികള്‍ക്ക് പിന്നിലുള്ളതെന്നാണ് നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

അതേസമയം, ഗെഹ്ലോട്ട് തിങ്കളാഴ്ച നോമിനേഷന്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവസാന നിമിഷമെങ്കിലും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ തള്ളാതെയാണ് ഗെഹ്ലോട്ട് തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുന്നത്. ഒക്ടോബര്‍ 17- ന് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തി 19-നാണ് ഫലം പ്രഖ്യാപിക്കുന്നത്. ഈ മാസം 30 വരെ നോമിനേഷന്‍ സമര്‍പ്പിക്കാനാകും.

STORY HIGHLIGHTS: Ashok Gehlot call mla meeting not including Sachin Pilot

Next Story