Top

' മറ്റൊരാളുടെ വീട് തകർക്കപ്പെടുമ്പോള്‍ നിങ്ങള്‍ ആഘോഷിക്കരുത്'; യുപിയിലെ വീട് പൊളിക്കൽ നടപടിക്കെതിരെ അശോക് ഗഹ്ലോട്ട്

നിയമവാഴ്ച ദുര്‍ബലപ്പെട്ടാല്‍ അത് എല്ലാവരെയും ബാധിക്കും

16 Jun 2022 5:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

 മറ്റൊരാളുടെ വീട് തകർക്കപ്പെടുമ്പോള്‍ നിങ്ങള്‍ ആഘോഷിക്കരുത്; യുപിയിലെ വീട് പൊളിക്കൽ നടപടിക്കെതിരെ അശോക് ഗഹ്ലോട്ട്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ അനധികൃത കൈയേറ്റമാണെന്നാരോപിച്ച് പൊളിക്കുന്നതിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് രം​ഗത്ത്. ബുള്‍ഡോസര്‍ രാജിനെ പിന്തുണയ്ക്കുന്നവർക്കും അവരുടെ നടപടിയില്‍ സന്തോഷിക്കുന്നവര്‍ക്കും ഇത് സംഭവിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗഹ്ലോട്ടിന്റെ പ്രതികരണം.

' മറ്റൊരാളുടെ വീട് തകർക്കപ്പെടുമ്പോള്‍ നിങ്ങള്‍ ആഘോഷിക്കരുത്. ബുള്‍ഡോസറുകള്‍ നാളെ നിങ്ങളേയും തേടിയെത്താം. ഈ നടപടി ശരിയാണെങ്കില്‍ നമുക്ക് അത് ന്യായീകരിക്കാം. എന്നാല്‍ അത് തെറ്റാണെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം. അല്ലാത്തപക്ഷം ഇത് നാളെയും തുടരും.' അശോക് ഗഹ്ലോട്ട് പറഞ്ഞു. ഇന്ത്യയില്‍ നിയമവാഴ്ച ദുര്‍ബലപ്പെട്ടാല്‍ അത് എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജൂണ്‍ 10നാണ് പ്രയാഗ്‌രാജില്‍ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ആസൂത്രിതമാണെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പ്രയാഗ്‌രാജ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. അനധികൃത നിര്‍മ്മാണമെന്ന് കാണിച്ചാണ് വീട് തകര്‍ത്തത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.

മുൻ ബിജെപി വക്താവ് നുപുർ ശർമയുടെ പ്രവാചകൻ നിന്ദക്കെതിരെ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വൻ പ്രതിഷേധമാണ് നടന്നത്. ശനിയാഴ്ച, മുനിസിപ്പാലിറ്റി പൊലീസിന്റെ അകമ്പടിയോടെ, സഹാരൻപൂരിൽ രണ്ട് പ്രതിഷേധക്കാരുടെ വീടുകൾ ഇത്തരത്തിൽ പൊളിച്ചു നീക്കിയിരുന്നു. കാൺപൂരിലും സമാനമായ നടപടിയുണ്ടായി.

അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയതോടെ പ്രതിഷേധങ്ങളുമായും അക്രമങ്ങളുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 300-ലധികം പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

STORY HIGHLIGHTS: Ashok Gahlot asked people not to celebrate the demolition of properties in UP

Next Story

Popular Stories