Top

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു.

24 April 2022 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി
X

ഡൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ കുറ്റാരോപിതനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി. ഡൽഹിയിലെ ജില്ലാ കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു.

കൊല്ലപ്പെട്ട കർഷകരുടേയും മാധ്യമ പ്രവർത്തകന്റേയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹർജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഏപ്രിൽ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിത്. ജാമ്യാപേക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാതിരുന്ന ഉത്തർപ്രദേശ് സർക്കാരിനും കോടതി നടപടി തിരിച്ചടിയായി.

സാക്ഷികൾക്ക് ഭീഷണിയായതിനാൽ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് കർഷക കുടുംബങ്ങൾ വാദിച്ചിരുന്നു. കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വാധീനശക്തിയുള്ളവരാണ് കുറ്റാരോപിതരെങ്കില്‍ തെളിവുനശിപ്പിക്കുകയും നിയമത്തില്‍ നിന്ന് കടന്നുകളയുകയും ചെയ്യുമെന്ന വസ്തുത പരിഗണിക്കാതെയാണ് കേന്ദ്രമന്ത്രിയുടെ മകന്‍ കൂടിയായ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആശിഷ് മിശ്രയുടെ ജാമ്യഹര്‍ജി റദ്ദാക്കണമെന്നാശ്യപ്പെട്ട് അഭിഭാഷകരായ ശിവകുമാര്‍ ത്രിപാഠി, സിസെ പാണ്ഡെ എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രസ്തുത അഭിഭാഷകരുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് ലഖീംപ്പൂര്‍ ഖേരി കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തിൽ ഒരു മാധ്യമ പ്രവർത്തകനും കർഷകരുമുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഈ കേസിൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.

STORY HIGHLIGHTS: Ashish Mishra son of Union Minister Ajay Mishra has surrendered in court in the Lakhimpur Kheri massacre case


Next Story