Top

മോഷണക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്

രണ്ട് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്

17 Nov 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഷണക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്
X

പശ്ചിമ ബംഗാള്‍: 13 വര്‍ഷം മുമ്പുള്ള മോഷണക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അറസ്റ്റ് വാറണ്ട്. പശ്ചിമ ബംഗാളിലെ അലിപുര്‍ദര്‍ കോടതിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൂച്ച് ബിഹാറില്‍ നിന്നുള്ള എംപിയാണ് പ്രമാണിക്.

രണ്ട് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്. കേന്ദ്ര മന്ത്രിക്കൊപ്പം മറ്റൊരു പ്രതിക്കു കൂടി നവംബര്‍ 11 ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ട തുടര്‍ നിയമ നടപടികളെകുറിച്ച് പ്രമാണിക്കിന്റെ അഭിഭാഷകന്‍ ദല്ലാല്‍ ഘോഷ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2009ല്‍ അലിപുര്‍ദര്‍ റയില്‍വേ സ്റ്റേഷനും ബിര്‍പാരയ്ക്കും അടുത്തുള്ള രണ്ട് ജ്വല്ലറിയില്‍ നിന്നാണ് പ്രമാണിക് മോഷണം നടത്തിയത്. ബുധനാഴ്ച്ച കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക എംഎല്‍എ എംപി കോടതിയില്‍ നിന്നും അലിപുര്‍ദരിലെ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജഹര്‍ മജുംദാര്‍ പറഞ്ഞു.

ബംഗ്ലാദേശ് അതിര്‍ത്തിയായി വരുന്ന വടക്കന്‍ ബംഗാളിലെ ദിന്‍ഹട്ട നഗരമാണ് പ്രമാണിക്കിന്റെ സ്വദേശം. 2019 ലാണ് പ്രമാണിക്ക് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്്. 2019ല്‍ ഫെബ്രുവരിയില്‍ ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പ്രമാണിക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമൂലം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.

story highlights: Arrest warrant issued against Union Minister of State for Home Affairs in theft case

Next Story