Top

അസുഖം സേനയിലുമെന്ന് സുദര്‍ശന്‍ ന്യൂസ് അവതാരകന്‍; സേനയിലെ ഇഫ്താര്‍ വിരുന്ന് ദൃശ്യങ്ങള്‍ പിന്‍വലിച്ച് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്

കഴിഞ്ഞ ദിവസം ദോഡയില്‍ സേന സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന്റെ ചിത്രങ്ങളായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്

23 April 2022 11:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസുഖം സേനയിലുമെന്ന് സുദര്‍ശന്‍ ന്യൂസ് അവതാരകന്‍; സേനയിലെ ഇഫ്താര്‍ വിരുന്ന് ദൃശ്യങ്ങള്‍ പിന്‍വലിച്ച് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്
X

ന്യൂഡല്‍ഹി: സുദര്‍ശന്‍ ന്യൂസ് അവതാരകന്റെ വിമര്‍ശനത്തിന് പിന്നാലെ ട്വിറ്ററില്‍ പങ്കുവെച്ച ഇഫ്താര്‍ വിരുന്നിന്റെ ദൃശ്യങ്ങള്‍ പിന്‍വലിച്ച് കരസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്. ഏപ്രില്‍ 20ന് പങ്കുവെച്ച ഇഫ്താര്‍ വിരുന്നിന്റെ ദൃശ്യങ്ങളാണ് തീവ്രവലത് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യൂട്യൂബ് ചാനലിന്റെ ഉടമകൂടിയായ സുരേഷ് ചാവങ്കെയുടെ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചത്.

ലഫ്റ്റണന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദാണ് ജമ്മു ഡിഫന്‍സ് പിആര്‍ഒ. കഴിഞ്ഞ ദിവസം ദോഡയില്‍ സേന സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന്റെ ചിത്രങ്ങളായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. 'മതേതരത്വത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ കരസേന ദോഡയിലെ അര്‍നോറയില്‍ ഇഫ്താര്‍ വിരുന്ന് നടത്തി' എന്നായിരുന്നു ട്വീറ്റ്. റമദാന്‍ എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍, ഈ ട്വീറ്റ് റിട്വീറ്റ് ചെയ്തായിരുന്നു സുദര്‍ശന്‍ ന്യൂസ് ഉടമ സുരേഷ് ചാവങ്കെയുടെ വിമര്‍ശനം. ഇപ്പോള്‍ ഈ അസുഖം ഇന്ത്യന്‍ കരസേനയിലും കടന്നുകൂടിയിരിക്കുന്നു. സങ്കടകരം എന്നായിരുന്നു ചാവങ്കെയുടെ ട്വീറ്റ്. ചാവങ്കെയുടെ ട്വീറ്റിന് പിന്നാലെ വിശദീകരണം നല്‍കാതെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ചിത്രങ്ങളും ട്വീറ്റും പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍, സേനയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥരടക്കം ചാവങ്കെയുടെ ട്വീറ്റിനെതിരെ രംഗത്തെത്തി. 'വിവിധ വിശ്വാസങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യന്‍ സേന എന്നും മുന്നില്‍ ഉണ്ടായിരുന്നു. മതമില്ല എന്ന കാര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് സൈനികര്‍. തങ്ങളെ നിയന്ത്രിക്കുന്ന ട്രൂപ്പ് തന്നെ മതമായി കാണുന്നവരാണ് സൈനികര്‍' എന്ന് മുന്‍ മേജര്‍ ജനറല്‍ യാഷ് മൂര്‍ ട്വീറ്റ് ചെയ്തു.

STORY HIGHLIGHTS: Army Twitter Handle Deletes Iftar Post After Hindutva TV Anchor Calls Secularism a 'Disease'

Next Story