'ഇരയാക്കപ്പെടുന്ന മുസ്ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം'; ഡല്‍ഹി ബിഷപ്പ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്
ഇതാദ്യമായാണ് ചര്‍ച്ച് ഇത്തരത്തിലൊരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്
23 April 2022 7:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ സംഘര്‍ഷങ്ങളും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഒഴിപ്പിക്കല്‍ നടപടികളും ചര്‍ച്ചയാവുന്നതിനിടെ ബിഷപ്പ് ഹൗസില്‍ ഇഫ്താര്‍ വിരുന്നുമായി കത്തോലിക്കാ സഭാ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്. വിവിദ വിഭാഗങ്ങളിലെ ആത്മീയ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് അനില്‍ ജി കൗട്ടോ ഇഫ്താര്‍ വിരുന്നിന് ആതിഥ്യം വഹിച്ചത്. ഇതാദ്യമായാണ് ചര്‍ച്ച് ഇത്തരത്തിലൊരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്.
വിദ്വേഷ പ്രചരണവും ധ്രുവീകരണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബിഷപ്പ് ഹൗസ് ഇത്തരത്തിലൊരു ഉദ്യമത്തിന് തയ്യാറായതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇരകളാക്കപ്പെട്ട മുസ്ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനാണ് വിരുന്ന് നടത്തിയത്. വിവിധ സംസ്കാരങ്ങളും പല ഭാഷകളുമുള്ള രാജ്യത്തിന്റെ സ്വഭാവത്തെ നമ്മള് ഉയര്‍ത്തിപ്പിടിക്കണം. ഇത്തരത്തില്‍ പലപ്പോഴും നമ്മള് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ചെറുത് മാത്രമാണ് ഈ വിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സര്‍വ ധര്‍മ്മ സന്‍സദ് ദേശീയ കണ്‍വീനര്‍ സുഷീല്‍ മഹാരാജ്, രവിദാസീയ ധര്‍മ്മ സംഘതന്നിലെ സ്വാമി വീര്‍ സിംഗ് ഹിത്കാരി, ബഹായ് കമ്മ്യൂണിറ്റ് ഓഫ് ഇന്ത്യയുടെ എകെ മര്‍ച്ചന്റ്, ജമാഅത് എ ഇസ്ലാമി ഹിന്ദ് പ്രതിനിധികളായ ഡോക്ടര്‍ മുഹമ്മദ് സലിം എഞ്ചിനീയര്‍, മുഹമ്മദ് അഹ്മദ്, അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്റ് നവൈദ് ഹാമിദ്, പ്രൊഫസര്‍ അക്തറുല്വാസിഅ് തുടങ്ങിയ മതനേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
STORY HIGHLIGHTS: Archbishop of Delhi holds inter-faith Iftar to show solidarity for Muslim community