Top

വരുണ്‍ഗാന്ധി കാണിച്ചത് രാഷ്ട്രീയ ധീരത; അഭിനന്ദനവുമായി ശിവസേന മുഖപത്രം

ഇന്ദിരാഗാന്ധിയുടെ പേരകുട്ടിയും സജ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയുടെ രക്തം തിളച്ചു.

11 Oct 2021 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരുണ്‍ഗാന്ധി കാണിച്ചത് രാഷ്ട്രീയ ധീരത; അഭിനന്ദനവുമായി ശിവസേന മുഖപത്രം
X

ലഖിംപൂര്‍ ഖേരി സംഭവത്തിലെ വരുണ്‍ ഗാന്ധിയുടെ നിലപാട് രാഷ്ട്രീയ ധീരതയെന്ന് ശിവസേന. പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ കര്‍ഷകര്‍ക്കെതിരെ നടന്ന അനീതിയില്‍ ശബ്ദിച്ച ബിജെപി എംപിക്ക് ശക്തമായ പിന്തുണ നല്‍കുന്നെന്ന പ്രഖ്യാപനമാണ് ശിവസേന പത്രമായ സാമ്ന മുഖപ്രസംഗത്തില്‍ നടത്തിയത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വരുണ്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് പ്രമേയം പാസ്സാക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

നാലുകര്‍ഷകരുള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവത്തിന്റെ ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടും രാജ്യത്തെ പല എംപിമാരുടെയും രക്തം തണുപ്പന്‍ മട്ടിലാണ്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ പേരകുട്ടിയും സജ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയുടെ രക്തം തിളച്ചു. അദ്ദേഹം ശക്തമായ നിലപാട് എടുത്തു എന്നുമാത്രമല്ല അത് പരസ്യമാക്കാനുള്ള ആര്‍ജ്ജവവും കാണിച്ചു. വരുണ്‍ ഗാന്ധിക്ക് പ്രശംസകള്‍ ചൊരിഞ്ഞുകൊണ്ടുള്ള മുഖപ്രസംഗത്തില്‍ പറയുന്നു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരത്തിന് തുടര്‍ച്ചയായി പിന്തുണ പരസ്യമാക്കിയ വരുണ്‍ ഗാന്ധിയെ ലഖിംപൂര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ട്വീറ്റിന് പിന്നാലെയായിരുന്നു ദേശീയ സമിതിയില്‍ നിന്ന് ബിജെപി ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം, ലഖിംപൂര്‍ സംഭവത്തിന് പിന്നില്‍ ഖലിസ്ഥാനി തീവ്രവാദികളാണെന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വിവാദ പരാമശത്തിനും വരുണ്‍ ഗാന്ധി പരോക്ഷ മറുപടി നല്‍കിയിരുന്നു. മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയുള്ള ട്വീറ്റില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി ചിലര്‍ ലഖിംപൂര്‍ ആക്രമണത്തെ വര്‍ഗീയ വത്കരിക്കാനുള്ള ശ്രമം നടത്തുന്നതായും ഇത്തരം നീക്കങ്ങള്‍ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Next Story