'എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ ബിജെപി വിടും'; അണ്ണാമലൈ
ചെന്നൈയില്‍ സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് അണ്ണാമലൈ തന്റെ നിലപാട് വ്യക്തമാക്കിയത്
18 March 2023 12:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈ: അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി ബിജെപി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. 2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് അണ്ണാമലൈ തന്റെ നിലപാട് വ്യക്തമാക്കിയത്.
ദ്രാവിഡ പാര്‍ട്ടികള്‍ക്കുള്ള ബദലായി ബിജെപിയെ ഉയര്‍ത്തി കൊണ്ട് വരണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ രാജിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.അതേ സമയം അണ്ണാമലൈയുടെ പ്രസ്താവനയ്‌ക്കെതിരെ യോഗത്തില്‍ ചില നേതാക്കള്‍ രംഗത്തെത്തി. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലല്ല നടത്തേണ്ടത് എന്നായിരുന്നു അവര്‍ പറഞ്ഞത്.
ബിജെപി മഹിള മോര്‍ച്ച നേതാവും കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എ വാനതി ശ്രീനിവാസനും പാര്‍ട്ടി വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപതിയും ഇക്കാര്യത്തില്‍ അണ്ണാമലൈയോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് നിലപാടെടുത്ത ചില നേതാക്കള്‍ അണ്ണാമലൈയെ പിന്തുണക്കുകയും ചെയ്തു.
STORY HIGHLIGHTS: Annamalai says he would rather resign as T.N. BJP president than continue alliance with AIADMK
- TAGS:
- K Annamalai
- BJP
- AIADMK