Top

അങ്കണവാടി ജീവനക്കാര്‍ ഗ്രാറ്റുവിറ്റി; വിജയം കണ്ടത് സിഐടിയുവിന്റെ നിയമ പോരാട്ടം

26 April 2022 2:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്കണവാടി ജീവനക്കാര്‍ ഗ്രാറ്റുവിറ്റി; വിജയം കണ്ടത് സിഐടിയുവിന്റെ നിയമ പോരാട്ടം
X

എറണാകുളം: രാജ്യത്തെ അങ്കണവാടി ജീവനക്കാര്‍ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് അര്‍ഹരാണെന്ന സുപ്രധാന വിധി സുപ്രീം പുറപ്പെടുവിക്കുമ്പോള്‍ വിജയം കണ്ടത് സിഐടിയുവിന്റെ നിയമ പോരാട്ടം. 1972ലെ നിയമപ്രകാരമുള്ള ഗ്രാറ്റുവിറ്റിക്ക് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും അര്‍ഹരാണെന്ന സുപ്രധാന വിധി കഴിഞ്ഞ ദിവസമായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. അങ്കണവാടി വ്യവസായ സ്ഥാപനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ ജോലിചെയ്യുന്നവരെ ജീവനക്കാരായി പരിഗണിക്കാനാകില്ലെന്നുമുള്ള ഗുജറാത്ത് ഹൈക്കോടതിവിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഡിവിഷന്‍ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

അങ്കണവാടി ജീവനക്കാരുടെ വേതനം കാലോചിതമായി വര്‍ധിപ്പിക്കണമെന്ന പരാമര്‍ശത്തോടെയായിരുന്നു സുപ്രീംകോടതി ഗ്രാറ്റുവിറ്റി ആനുകൂല്യം നല്‍കണമെന്ന് ഉത്തരവിട്ടത്. ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് കെ ഓഝ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെതാണ് ഉത്തരവ്. മൂന്നു മാസത്തിനകം ഗ്രാറ്റുവിറ്റി 10 ശതമാനം പലിശ സഹിതം നല്‍കണമെന്നാണ് ഉത്തരവ്. ഗുജറാത്ത് അംഗന്‍വാടി വര്‍ക്കേഴ്സ്&ഹെല്‍പ്പേര്‍ഴ്സ് യൂണിയന്‍ (സിഐടിയു) ആയിരുന്നു സുപ്രധാന നിയമ പോരാട്ടത്തിന് പിന്നില്‍.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 7800 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 3950 രൂപയുമാണ് ഗുജറാത്തില്‍ ലഭിക്കുന്നത്. ഈ വേതനത്തില്‍ ജോലിയെടുക്കുന്നവരുടെ ദുരവസ്ഥ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരിഹരിക്കേണ്ട സമയം അതിക്രമിച്ചെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

നിരവധി ജീവനക്കാര്‍ക്ക് സഹാകരമാവുന്ന സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് അഖിലേന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് (സിഐടിയു) ആവശ്യപ്പെട്ടു. പ്രായാധിക്യത്താലോ മറ്റു കാരണത്താലോ തൊഴില്‍ ചെയ്യാനാകാത്തവര്‍ക്ക് സാമൂഹികസംരക്ഷണം ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് 1972ലെ ഗ്രാറ്റുവിറ്റി നിയമം വ്യവസ്ഥ ചെയ്യുന്നത്.

Content Highlight: Anganwadi workers entitled to gratuity says Supreme Court

Next Story