Top

ജാർഖണ്ഡ് പ്രതിസന്ധിക്കിടെ ഹേമന്ത് സോറൻ ഇന്ന് ഭൂരിപക്ഷം തേടും; എംഎൽഎമാർ തിരികെയെത്തി

5 Sep 2022 3:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാർഖണ്ഡ് പ്രതിസന്ധിക്കിടെ ഹേമന്ത് സോറൻ ഇന്ന് ഭൂരിപക്ഷം തേടും; എംഎൽഎമാർ തിരികെയെത്തി
X

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് റിസോർട്ടിലേക്ക് മാറ്റിയ ജെഎംഎം- കോൺഗ്രസ് എംഎൽഎമാരെ റാഞ്ചിയിൽ തിരികെയെത്തിച്ചു. 30 എംഎൽഎമാരും കോൺഗ്രസ്, ജെഎംഎം നേതാക്കളുമടങ്ങുന്ന സംഘം ഇന്നലെ വെെകിട്ടാണ് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ തിരികെയെത്തിയത്. ഇന്ന് നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസവോട്ട് തേടും.

മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കിയേക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎമാരെയടക്കം റായ്പുരിലെ റിസോർട്ടിലേക്ക് മാറ്റിയത്. കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ മെയ് ഫെയർ റിസോർട്ടിലേക്കായിരുന്നു സംഘത്തെ മാറ്റിയത്. ഞായറാഴ്ച വെെകിട്ട് ചാർട്ടർ ചെയ്ത വിമാനത്തിലാണ് സംഘം ബിർസാമുണ്ട വിമാനത്താവളത്തിലെത്തിയത്.

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ യുപിഎ സഖ്യത്തിന് 49 എംഎൽഎമാരാണുള്ളത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർണാടകയിലും സംഭവിച്ചത് പോലെ ജാർഖണ്ഡ് ഭരണപക്ഷത്തെ പിളർത്താൻ ബിജെപി ശ്രമിക്കുമെന്നാണ് ജെഎംഎം കരുതുന്നത്. ബിജെപിയുടെ വേട്ടയാടൽ ഭയന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും എംഎൽഎമാരെ റായ്പൂരിലേക്ക് മാറ്റുന്നത്.

ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎൽഎമാരും കോൺഗ്രസിന് 18 എംഎൽഎമാരും ആർജെഡിക്ക് ഒരാളുമാണുള്ളത്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് 26 എംഎൽഎമാരാണ് സഭയിലുള്ളത്.

STORY HIGHLIGHTS: Amid Jharkhand crisis chief minister Hemant Soren's majority test today

Next Story