Top

അമരീന്ദര്‍ സിംഗ് ബിജെപിയില്‍; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ലയിച്ചു

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ അമരീന്ദര്‍ രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിച്ചു

19 Sep 2022 1:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമരീന്ദര്‍ സിംഗ് ബിജെപിയില്‍; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ലയിച്ചു
X

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഒരു വര്‍ഷത്തോട് അടുക്കുമ്പോഴാണ് ബിജെപി പ്രവേശനം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിന്റെ സാന്നിധ്യത്തിലാണ് അമരീന്ദറിന്റെ ബിജെപി പ്രവേശനം. ഇന്ന് രാവിലെ അമരീന്ദര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗിനെ പഞ്ചാബിന്റെ മുഖമായി അവതരിപ്പിക്കാനുള്ള ആലോചനകളിലാണ് ബിജെപി. സിഖ് ജനതക്കിടയില്‍ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ അമരീന്ദര്‍ രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിച്ചു. ഏഴ് മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അമരീന്ദറിനൊപ്പം ഇന്ന് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി അമരീന്ദര്‍ എല്ലാകാലത്തും രാഷ്ട്ര താല്‍പര്യത്തിനൊപ്പമാണ് നിലകൊണ്ടതെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തെ ചൊല്ലി നവ ജ്യോത് സിംഗ് സിദ്ദുവുമായി ഉടലെടുത്ത തര്‍ക്കമായിരുന്നു അമരീന്ദര്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് എത്തിയത്. പിന്നീട് ദേശീയ നേതൃത്വം ഇടപെട്ട് നവ് ജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയത് അമരീന്ദറിനെ ചൊടിപ്പിച്ചു. പാര്‍ട്ടി വിട്ടെത്തിയ അമരീന്ദര്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.

Next Story