Top

ഡല്‍ഹി വഖഫ് ബോര്‍ഡ് അനധികൃത നിയമനം; ആം ആദ്മി എംഎൽഎ അറസ്റ്റിൽ, കേസ് വ്യാജമെന്ന് പാർട്ടി

2020ൽ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഖാനെ ചോദ്യം ചെയ്തിരുന്നു

16 Sep 2022 9:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹി വഖഫ് ബോര്‍ഡ് അനധികൃത നിയമനം; ആം ആദ്മി എംഎൽഎ അറസ്റ്റിൽ, കേസ് വ്യാജമെന്ന് പാർട്ടി
X

ന്യൂഡൽഹി: ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധിക്യത നിയമന കേസില്‍ ഡല്‍ഹി ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഡല്‍ഹി ആന്റി കറപ്ഷ്യൻ ബ്യൂറോ അറസ്റ്റ് ചെയ്തു. 2020ൽ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ഖാനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍ 32 പേരെ ചട്ടങ്ങൾ ലംഘിച്ചു നിയമിച്ചെന്നാണ് ആരോപണം. വഖഫ് ബോര്‍ഡ് സിഇഒ ഈ അനധികൃത നിയമനങ്ങള്‍ക്കെതിരെ മുന്നറിയപ്പ് നല്‍കിയിരുന്നതായും എസിബി അധികൃതര്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുമ്പോള്‍ അമാനത്തുല്ല ഖാന്റെ ബന്ധുക്കളും മറ്റു ചിലരും വീടിനു പുറത്തുവെച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി എസിബി ആരോപിച്ചു. എഎപി നേതാവ് ഡൽഹി വഖഫ് ബോർഡിന്റെ ഫണ്ടും ഡൽഹി ഗവൺമെന്റിന്റെ ഫണ്ടും ദുരുപയോഗം ചെയ്തുവെന്നും എസിബി ആരോപിച്ചു.

24 ലക്ഷം രൂപയും ലൈസൻസില്ലാത്ത തോക്കും എസിബി പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. അറസ്റ്റ് അടിസ്ഥാന രഹിതമാണെന്നും കേസ് തീർത്തും വ്യാജമാണെന്നും എഎപി പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആം ആദ്മി പാർട്ടിയെ അപകീർത്തിപ്പെടുത്താനും എംഎൽഎയുടെ പ്രതിച്ഛായ തകർക്കാനുമുള്ള പുതിയ ശ്രമമാണിതെന്നും അറസ്റ്റിനെതിരെ പാർട്ടി പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നേരിട്ട നിരവധി എഎപി നേതാക്കളില്‍ ഒടുവിലത്തെയാളാണ് ഖാന്‍. എഎപി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ പകപോക്കല്‍ രാഷ്ടീയം കാണിക്കുന്നുവെന്ന് ആരോപിച്ച് വലിയ വാക് പോരാണ് ബിജെപിയും എഎപിയും തമ്മിലുണ്ടായിരുന്നത്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍ കേന്ദ്ര ഏജന്‍സികളുടെ നടപടികളെ കുറിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

STORY HIGHLIGHTS: Amanatullah khan raided by delhi anti corruption branch over allegations of illegal appointments to waqf board

Next Story