Top

കുത്തക കമ്പനികള്‍ക്ക് ബദല്‍; ഇ-മാര്‍ട്ടിലൂടെ ഓണ്‍ലൈനാകാനൊരുങ്ങി വ്യാപാരികള്‍

രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നത്

22 Sep 2022 2:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുത്തക കമ്പനികള്‍ക്ക് ബദല്‍; ഇ-മാര്‍ട്ടിലൂടെ ഓണ്‍ലൈനാകാനൊരുങ്ങി വ്യാപാരികള്‍
X

ന്യൂഡല്‍ഹി: ഭാരത് ഇ-മാര്‍ട്ടിലൂടെ വ്യാപാര രംഗത്തെ ഓണ്‍ലൈനാക്കാനൊരുങ്ങി വ്യാപാരികള്‍. ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ കുത്തക കമ്പനികള്‍ക്കെതിരേ സ്വന്തം ഇ-കൊമേഴ്‌സ് പോര്‍ട്ടലൊരുക്കാനാണ് വ്യാപാരികളുടെ തീരുമാനം. 'ഭാരത് ഇ-മാര്‍ട്ട്' ദീപാവലിക്ക് തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ വ്യാപാരികള്‍ക്ക് മാത്രമാണ് പോര്‍ട്ടല്‍ സേവനം ലഭ്യമാവുക.

സെപ്റ്റംബര്‍ 26 മുതല്‍ പോര്‍ട്ടലില്‍ വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് (സിഎഐടി) പോര്‍ട്ടല്‍ വികസിപ്പിക്കുന്നത്. സിഎഐടി ദേശീയ സെക്രട്ടറി എസ്എസ് മനോജാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ആകെ എട്ടുകോടിയോളം വ്യാപാരികളാണുള്ളത്. ഇവരില്‍ സിഎഐടിക്ക് കീഴിലുള്ള ചെറുതും വലുതുമായ അരലക്ഷത്തോളം വ്യാപാരിസംഘടനകളിലുള്ളവര്‍ക്ക് സൗജന്യമായി തങ്ങളുടെ സ്ഥാപനത്തെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യാം. അതോടൊപ്പം തന്നെ ജിഎസ്ടി അടയ്ക്കാത്ത ചെറുകിട വ്യാപാരികള്‍ക്കും ചേരാം. സംഘടനയ്ക്കുകീഴിലെ എല്ലാ വ്യാപാരികളെയും ഇതിന്റെ ഭാഗമാക്കും.

മൂന്നുവര്‍ഷത്തിലേറെയായി പോര്‍ട്ടലിന്റെ അണിയറജോലികള്‍ നടന്നുവരുകയാണ്. ഇ-മാര്‍ട്ട് രംഗത്തെത്തുന്നതോടെ രാജ്യത്തെവിടെയുമുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി മൊബൈല്‍ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. കമ്മിഷനായി പണമീടാക്കാതെയാകും പോര്‍ട്ടലിലൂടെയുളള സേവനം. പോര്‍ട്ടലില്‍ പരമാവധി വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് പോര്‍ട്ടല്‍ പരിചയപ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങളില്‍ സിഎഐടി ശില്‍പശാലകള്‍ നടത്തിവരുകയാണ്. ഈ മാസം 27നാണ് കേരളഘടകത്തിന്റെ നേതൃത്വത്തിലുളള ശില്‍പശാല.

വ്യാപാരികള്‍ക്കുപുറമേ വിതരണക്കാരെയും മാര്‍ക്കറ്റിങ് മേഖലയിലുള്ളവരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതിനാല്‍ തന്നെ അതിനാല്‍ വലിയ ചെലവില്ലാതെ ഈ സാധനങ്ങള്‍ എത്തിക്കാനാകും. സാമഗ്രികള്‍ക്ക് പുറമെ ബാങ്ക്, ഇന്‍ഷുറന്‍സ്, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ സേവനങ്ങളും പോര്‍ട്ടല്‍ വഴി ലഭ്യമാക്കും.

STORY HIGHLIGHTS: alternatives to monopolistic companies; Traders set to go online through e-mart

Next Story