Top

'അഹമ്മദ് പട്ടേലിനെതിരായ ആരോപണങ്ങള്‍ പ്രതികാര രാഷ്ട്രീയം'; ബിജെപിക്കെതിരെ അശോക് ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും വിവിധ കേസുകളില്‍ കുടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

17 July 2022 3:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഹമ്മദ് പട്ടേലിനെതിരായ ആരോപണങ്ങള്‍ പ്രതികാര രാഷ്ട്രീയം; ബിജെപിക്കെതിരെ അശോക് ഗെഹ്‌ലോട്ട്
X

ജയ്പൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ആരോപണങ്ങളെ അപലപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി നേതാക്കള്‍ അഹമ്മദ് പട്ടേലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ ഭാഗം അവതരിപ്പിക്കാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

2002 ലെ കലാപത്തിന് ശേഷം സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അടുത്തിടെ അറസ്റ്റിലായ പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദെന്ന് ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നു. ഗോധ്ര കലാപത്തിന് ശേഷം അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരം ടീസ്റ്റ സെതല്‍വാദിന് 30 ലക്ഷം കൈമാറിയെന്നാണ് സാക്ഷി മൊഴികള്‍ ഉദ്ധരിച്ച് എസ്‌ഐടി സത്യവാങ്മൂലത്തില്‍ പറയുന്നത്.

'തന്റെ ഭാഗം അവതരിപ്പിക്കാന്‍ അഹമ്മദ് പട്ടേല്‍ നമുക്കിടയില്‍ ഇല്ല, അതിനാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അദ്ദേഹത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇത് ബിജെപി-ആര്‍എസ്എസിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ തെളിവാണ്,' ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും വിവിധ കേസുകളില്‍ കുടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Story highlights: Allegations against Ahmed Patel is vindictive politics

Next Story