Top

'പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയാല്‍'; പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുമെന്ന് നിതീഷ് കുമാര്‍

ബിജെപി സഖ്യമുപേക്ഷിച്ച് ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച നീതിഷ് ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന് 2007 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്

15 Sep 2022 5:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയാല്‍; പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുമെന്ന് നിതീഷ് കുമാര്‍
X

പട്‌ന: ബിജെപി വിരുദ്ധ രാഷ്ട്രീയ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുമെന്ന പ്രഖ്യാപനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിന്റെ ഭാഗമായി നിതീഷ് കുമാര്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിന് തൊട്ട് പിന്നാലെയാണ് പ്രഖ്യാപനം. നിലവില്‍ രാജ്യത്ത് പ്രത്യേക പദവി അനുവദിച്ച 11 സംസ്ഥാനങ്ങളാണുള്ളത്.

'കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുമെന്ന് നിസ്സംശയം പറയുന്നു. ബിഹാറിന്റെ കാര്യം മാത്രമല്ല പറയുന്നത്. മറ്റ് സംസ്ഥാനങ്ങളെ കൂടി പരിഗണിച്ചാണ് തന്റെ പ്രഖ്യാപനം.' എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് നിതീഷ് പ്രതികരിച്ചത്.

ബിജെപി സഖ്യമുപേക്ഷിച്ച് ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച നീതിഷ് ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന് 2007 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ജെഡിയു നേതാവ് നടത്തിയ പ്രഖ്യാപനം രാഷ്ട്രീയമായി ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ്. ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിച്ചാല്‍ അവിടേക്ക് നല്‍കേണ്ട കേന്ദ്ര-സംസ്ഥാന ധനവിഹിതത്തിന്റെ അനുപാതം 90: 10 ആവും. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപൂര്‍, മേഘാലയ, നാഗാലാന്റ്, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് പ്രത്യേക പദവി ലഭിച്ച സംസ്ഥാനങ്ങള്‍.

ഭരണഘടനയില്‍ പ്രത്യേക പദവി നല്‍കാന്‍ വ്യവസ്ഥയില്ലെങ്കിലും ആസൂത്രണകമ്മീഷന്റെ ഭാഗമായ ദേശീയ വികസന കൗണ്‍സിലാണ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ശുപാര്‍ശ ചെയ്യുക. 2018 ല്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത് പ്രകാരം കുറഞ്ഞ ജനസംഖ്യാനുപാതം, സാമ്പത്തികവും അടിസ്ഥാനപരവുമായ പിന്നാക്കാവസ്ഥ, അയല്‍രാജ്യങ്ങളുമായി പങ്കിടുന്ന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ഇടങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്നത്.

എന്നാല്‍ 14-ാമത് ധനകമ്മീഷന്‍ ശുപാര്‍ശകര്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി അനുവദിക്കുകയെന്നത് തന്നെ ഇല്ലാതായി. എന്നാല്‍ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോഴും പ്രത്യേക പദവി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

Story Highlights: all backward states in the country will be granted special status if non-BJP parties form the government Said nitish kumar

Next Story