'കോണ്‍ഗ്രസിന്റെ റോള്‍ എന്താണെന്ന് അവര്‍ക്ക് തീരുമാനിക്കാം'; പുതിയ പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ അഖിലേഷ് യാദവ്
റായ്ബറേലിയിലും മത്സരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
19 March 2023 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്ലാതെയുള്ള പ്രതിപക്ഷ സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ റോള്‍ എന്താണെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്ന് പ്രതികരിച്ച് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ശനിയാഴ്ചയാണ് പുതിയ പ്രതിപക്ഷ സഖ്യത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ സജീവമാണെന്ന് അഖിലേഷ് വ്യക്തമാക്കിയത്.
'കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്, ഞങ്ങള്‍ പ്രാദേശിക പാര്‍ട്ടിയാണ്', എന്നായിരുന്നു അഖിലേഷിന്റെ കോണ്‍ഗ്രസിനെ കുറിച്ചുള്ള വാക്കുകള്‍. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ മുന്‍ ശക്തികേന്ദ്രമാണ് അമേത്തി. 1996 മുതല്‍ ഈ മണ്ഡലത്തില്‍ എസ്പി മത്സരിക്കുന്നില്ല. 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി മണ്ഡലത്തില്‍ വിജയിച്ചിരുന്നു. റായ്ബറേലിയിലും മത്സരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന്റെ ഫോര്‍മുല ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പാര്‍ട്ടി അവര്‍ക്കെതിരെ നില്‍ക്കുകയാണെങ്കില്‍, അവര്‍ ഇഡി, സിബിഐ, ആദായ നികുതി വകുപ്പിനെ അയക്കും. പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെ പോലെ രാഷ്ട്രീയമായി വരുംദിവസങ്ങളില്‍ അവസാനിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
Story Highlights: Akhilesh yadav said the congress has to decide its own role