Top

ഗാന്ധി കുടുംബവാഴ്ചക്കെതിരെ വിമര്‍ശനം ഉയരുന്നു; അപ്പുറത്ത് അഖിലേഷ് യാദവ് മൂന്നാം തവണയും എസ്പി ദേശീയ അദ്ധ്യക്ഷനാവും

2017, 2022 നിയമസഭ തെരഞ്ഞെടുപ്പുകളിലെയും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെയും പരാജയത്തിന് ശേഷമാണ് സമാജ്‌വാദി പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ നടക്കുന്നത്

27 Sep 2022 2:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാന്ധി കുടുംബവാഴ്ചക്കെതിരെ വിമര്‍ശനം ഉയരുന്നു; അപ്പുറത്ത് അഖിലേഷ് യാദവ് മൂന്നാം തവണയും എസ്പി ദേശീയ അദ്ധ്യക്ഷനാവും
X

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മൂന്നാം തവണയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനാവും. വ്യാഴാഴ്ച നടക്കുന്ന ദേശീയ കണ്‍വെന്‍ഷനിലാണ് അഖിലേഷ് വീണ്ടും ദേശീയ അദ്ധ്യക്ഷനാവുക. ബുധനാഴ്ച പാര്‍ട്ടി സംസ്ഥാന കണ്‍വെന്‍ഷനും നടക്കും.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ബുധനാഴ്ചയിലെ കണ്‍വെന്‍ഷനില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനെയും തെരഞ്ഞെടുക്കും. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞൈടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും ഇരുകണ്‍വെന്‍ഷനുകളിലും ചര്‍ച്ചയാവും.

2017, 2022 നിയമസഭ തെരഞ്ഞെടുപ്പുകളിലെയും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെയും പരാജയത്തിന് ശേഷമാണ് സമാജ്‌വാദി പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ നടക്കുന്നത്. 25000ഓളം പ്രതിനിധികള്‍ ഈ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. 2017 ജനുവരിയിലാണ് അഖിലേഷ് യാദവ് ആദ്യമായി ദേശീയ അദ്ധ്യക്ഷനാവുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ ഒക്ടോബറില്‍ തന്നെ അഖിലേഷ് യാദവ് വീണ്ടും ദേശീയ അദ്ധ്യക്ഷനായി.

അഖിലേഷ് ദേശീയ അദ്ധ്യക്ഷനായി എത്തിയതോടെ പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നു. ഒരാള്‍ക്ക് മൂന്ന് തവണ മാത്രമേ ദേശീയ അദ്ധ്യക്ഷനാവാന്‍ കഴിയൂ എന്നത് മാറ്റി അഞ്ച് തവണ എന്നാക്കിയിരുന്നു. ഗാന്ധി കുടുംബം കോണ്‍ഗ്രസ് തുടര്‍ച്ചയായി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നു എന്ന വിമര്‍ശനം ഉയരവേ എസ്പിയിലും അതേ സ്ഥിതി തുടരുകയാണ്.

Story highlights: Akhilesh Yadav for third term as SP National President

Next Story